elephant

മംഗലംഡാം: വില്ലേജിലെ നേർച്ചപ്പാറ ചെള്ളിക്കയം ഭാഗത്ത് കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. സിബി സക്കറിയാസ് തുടിയൻ പ്ലാക്കൽ, ടോമി തേക്കിൻ കാട്ടിൽ, ജിജി കാവിപുരയിടത്തിൽ എന്നിവരുടെ കൃഷിയാണ് ഇന്നലെ പുലർച്ചെ നാലരയോടെ ഇറങ്ങിയ കാട്ടാന നശിപ്പിച്ചത്. തെങ്ങ്, കമുക്, വാഴ, കുരുമുളകു മുതലായ കൃഷികളാണ് നശിപ്പിച്ചത്.
രാവിലെ ടാപ്പിംഗിന് പോയ തൊഴിലാളികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കഴിഞ്ഞകുറേ ദിവസങ്ങളായി ആനയുടെ സാന്നിദ്ധ്യം ഈ സ്ഥലത്തുണ്ട്. മറ്റു പലരുടെയും സ്ഥലങ്ങളിലും ആന കഴിഞ്ഞ ദിവസങ്ങളിൽ കയറിയിട്ടുണ്ട്. കൊച്ചുകുട്ടികളും പ്രായമായവരും ഉൾപ്പെടെ ഉള്ളവരുള്ള 40 ഓളം കുടുംബങ്ങൾ ഈ സ്ഥലത്തുണ്ട്. ആന, പുലി, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങൾ വീടുകൾക്ക് അടുത്തായി സ്വൈര്യ വിഹാരം നടത്തുന്നതിൽ ജനങ്ങളെല്ലാം പരിഭ്രാന്തരാണ്.