
ഷൊർണൂർ: രോഗികളെ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് പറഞ്ഞയക്കാൻ മാത്രമായി മാറിയിരിക്കുകയാണ് ഷൊർണൂർ റെയിൽവേ ആശുപത്രി. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷനിലെ പ്രതാപകാലത്ത് ശ്രദ്ധേയമായ ആശുപത്രിയായിരുന്നു ഷൊർണൂർ റെയിൽവേ ആശുപത്രി. ശസ്ത്രക്രിയകളും ലബോറട്ടറി, ഗൈനക്കോളജി വിഭാഗം, പ്രസവ വാർഡുൾപ്പടെയുണ്ടായിരുന്ന ഈ ആശുപത്രി ഇന്ന് രോഗികളെ റഫറൽ ചെയാൻ മാത്രമായി മാറിയിരിക്കയാണ്.
കേരളത്തിലെവിടെയും ട്രെയിനിൽ ഉണ്ടാവുന്ന അപകടങ്ങളിലകപ്പെടുന്നവരെ പെട്ടന്ന് എത്തിക്കാവുന്ന ജംഗ്ഷനാണ് ഷൊർണൂർ. എന്നാൽ ഇപ്പോൾ ഇത്തരം അപകടങ്ങളിൽ പെടുന്നവരെ ഷൊർണൂരിലിറക്കി സ്വകാര്യ ആംബുലൻസുകൾ വിളിച്ചു വരുത്തി ഒറ്റപ്പാലത്തെയോ, തൃശൂരലേയോ ആശുപത്രിയിലെത്തിക്കേണ്ട അവസ്ഥയാണ്.
ചികിത്സ ലഭിക്കാതെ ജീവനക്കാരും
2149 റെയിൽവേ പെൻഷൻകാർക്കും,1200 റെയിൽവേ ജീവനക്കാർക്കുമുള്ള ആശ്രയകേന്ദ്രം കൂടിയാണ് ഈ ആതുരാലയം. എന്നാൽ നിലവിൽ ആശുപത്രിയിൽ ഡയാലിസിസ് സംവിധാനമോ, ജീവൻ രക്ഷാ മരുന്നുകളോ
ലേഡി ഡോക്ടർല, സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരോ ഇല്ലാത്ത അവസ്ഥയാണ്. പുറത്ത് ഡയാലിസിസ് ചെയ്യാൻ പണം അനുവദിക്കുന്നില്ലെന്നും ജീവനക്കാർ പറയുന്നു.
സ്വന്തമായി ആംബുലൻസില്ല
റെയിൽവെ ആശുപത്രിക്ക് സ്വന്തമായൊരു ആംബുലൻസ് ഇല്ലാത്തത് ഏറെ പരിതാപകരമാണ്. റെയിൽവേ പ്ലാറ്റ്‌ഫോമിൽ വെച്ചും, ട്രെയിനിൽ വച്ചുമുണ്ടാകുന്ന അപകടങ്ങളിൽ കൈ-കാൽ അറ്റ് കിടക്കുന്നവരെ എത്രയും പെട്ടന്ന് സർജറിയോടു കൂടിയ ചികിത്സ കിട്ടാൻ മെഡിക്കൽ കോളേജിലേക്ക് എത്തിക്കണമെങ്കിൽ സ്വകാര്യ ആംബുലൻസിനായി കാത്തിരിക്കേണ്ട സ്ഥിതിയാണ്.