
പാലക്കാട്: റവന്യൂ ജില്ല സ്‌കൂൾ കലോത്സവത്തിന് ഇന്നലെ തുടക്കമായി. ഇന്ന് മുതൽ നഗരത്തിലെ വിവിധ വേദികളിൽ വിദ്യാർത്ഥി പ്രതിഭകളിലൂടെ കലകൾ വിടരും. ഇന്നലെ ഓഫ് സ്റ്റേജ് മത്സരങ്ങളാണ് നടന്നത്. ബി.ഇ.എം.എച്ച്.എസ്.എസിലെ 27 വേദികളിലായി യു.പി ജനറൽ, എച്ച്.എസ് ജനറൽ, എച്ച്.എസ്.എസ് ജനറൽ, യു.പി സംസ്‌കൃതം, എച്ച്.എസ് സംസ്‌കൃതം, യു.പി അറബിക്, എച്ച്.എസ് അറബിക് വിഭാഗങ്ങളിലായി ചിത്രരചന (പെൻസിൽ, ജലച്ചായം, എണ്ണച്ചായം), കാർട്ടൂൺ, കൊളാഷ്, കഥാരചന (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, തമിഴ്, ഉറുദു, അറബിക്), കവിതാരചന (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, തമിഴ്, ഉറുദു, അറബിക്), ഉപന്യാസം (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, തമിഴ്, ഉറുദു, അറബിക്), സമസ്യാപൂരണം (സംസ്‌കൃതം), പ്രശ്‌നോത്തരി (സംസ്‌കൃതം) തുടങ്ങിയ മത്സരങ്ങൾ നടന്നു.
വേദികളിൽ ഇന്ന് ഒപ്പന, തിരുവാതിരക്കളി, നാടകം, യക്ഷഗാനം,കഥകളി-സിംഗിൾ, കഥകളി-ഗ്രൂപ്പ്, വട്ടപ്പാട്ട്, കോൽക്കളി, അറബി സംഘഗാനം, മോണോആക്റ്റ്, അറബി പ്രസംഗം, അറബി കഥപറയൽ, കഥാപ്രസംഗം, മിമിക്രി, മാപ്പിളപ്പാട്ട്, പൂരക്കളി, പരിചമുട്ട്, വയലിൻ (പാശ്ചാത്യം, പൗരസ്ത്യം), വീണ/വിചിത്രവീണ, ഇംഗ്ലീഷ് പദ്യം ചൊല്ലൽ, ഇംഗ്ലീഷ് പ്രസംഗം, ഓടക്കുഴൽ, മൃദംഗം/ഗഞ്ചിറ/ഘടം, ഓട്ടൻ തുള്ളൽ തുടങ്ങിയ മത്സരങ്ങൾ അരങ്ങേറും.
റവന്യൂ ജില്ലാ സ്കൂൾകലോത്സവത്തിൽ 77 മത്സരങ്ങൾ പൂർത്തിയായപ്പോൾ 172 പോയിന്റുകൾ കരസ്ഥമാക്കി മണ്ണാർക്കാട് ഉപജില്ലഒന്നാം സ്ഥാനത്ത്.167 പോയിന്റുകൾ നേടിയ തൃത്താല ഉപജില്ലയാണ് രണ്ടാം സ്ഥാനത്തുള്ളത്.
164പോന്റുകളോടെ പാലക്കാട്,പട്ടാമ്പി ഉപജില്ലകൾ മൂന്നാം സ്ഥാനത്തുണ്ട്.
ഉദ്ഘാടനം ഇന്ന്
ഇന്ന് വൈകിട്ട് 4ന് ബി.ഇ.എം.എച്ച്.എസ്.എസിൽ സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയും. ഷാഫി പറമ്പിൽ എം.എൽ.എ അദ്ധ്യക്ഷനാകും. പന്ത്രണ്ട് ഉപജില്ലകളിൽ നിന്ന് പതിനായിരത്തോളം കലാപ്രതിഭകളാണ് 15 വേദികളിലായി മുന്നൂറോളം ഇനങ്ങളിൽ മത്സരിക്കുന്നത്.