
പട്ടാമ്പി: ഭാരതപ്പുഴയിൽ നിലവിലെ പാലത്തിന്റെ കിഴക്ക് ഭാഗത്തുള്ള ചെളിയും മണലും നീക്കം ചെയ്യാൻ ഉത്തരവ്. 2019-ലെ പ്രളയത്തിൽ പുഴയുടെ തെക്കു ഭാഗത്ത് ഞാങ്ങാട്ടിരി കടവിൽ ചെളിയും മണലും അടിഞ്ഞുകൂടി വൻ തിട്ട രൂപപ്പെട്ടിരുന്നു. ഇക്കാരണത്താൽ വേനൽക്കാലത്ത് മാത്രമല്ല സെപ്റ്റംബർ-നവംബർ മാസങ്ങളിൽ പോലും പുഴയുടെ തെക്കുഭാഗത്തെ ജലാശയങ്ങളിൽ വടക്കു ഭാഗത്തുള്ള കിണറുകളേക്കാൾ ജലവിതാനം വളരെയധികം താഴ്ന്നതായി വിദഗ്ദ്ധർ കണ്ടെത്തി. പുഴയോരത്ത് അടിഞ്ഞു കൂടിയ ചെളിയുടെ ആധിക്യമാണ് നീരൊഴുക്കിന് തടസമെന്നും കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് രണ്ടാഴ്ച്ച മുമ്പാണ് കേരള കൗമുദി വാർത്ത നൽകിയത്. വാർത്ത ശ്രദ്ധയിൽപ്പെട്ട മുഹമ്മദ് മുഹ്സിൻ എം.എൽ.എ പുഴയിലെ നീരൊഴുക്കിന് തടസമായ ചെളിയും മണൽതിട്ടയും നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ചെളിയും മണൽതിട്ടയും മാറ്റിയാൽ പാലത്തിന്റെ കിഴക്കുഭാഗത്ത് നിർമ്മിക്കുന്ന പുതിയ പാലത്തിനും റെഗുലേറ്ററിനും കിഴായൂർ നമ്പ്രം തടയണയ്ക്കും ഉപകരിക്കും.
പട്ടാമ്പി പുഴയിലെ പാലത്തിന്റെ കിഴക്ക് ഭാഗത്ത് അമിതമായി അടിഞ്ഞു കൂടിയ ചെളിയും മണലും നീക്കം ചെയ്യാൻ എടുത്ത നടപടി വളരെ ശ്ലാഘനീയമാണ്. നഗരസഭാ പരിധിയിലുള്ള കുടിവെള്ള സ്രോതസുകൾവഴി ജലസംഭരണികളിലേക്ക് ആവശ്യമായ ശുദ്ധജലം ലഭ്യമാക്കും.
ടി.പി.ഷാജി, പട്ടാമ്പി നഗരസഭ വൈസ് ചെയർമാൻ
ഓങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ കൃഷിക്കാവശ്യമായ ജലസേചന പദ്ധതികൾ വഴി ശുദ്ധജലം ലഭ്യമാക്കാൻ ഭാരതപ്പുഴയിൽ അമിതമായി അടിഞ്ഞു കൂടിയ ചെളിയും മണലും കോരി ഒഴിവാക്കുന്നത് മൂലം കഴിയും.
രതി ഗോപാലകൃഷ്ണൻ, ഓങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്.