
പാലക്കാട്: ജില്ലാ ആശുപത്രിയിൽ വീൽചെയർ കുറവായതിനാൽ രോഗികളെ ചുമന്നുവേണം പരിശോധനയ്ക്ക് കൊണ്ടുപോകാൻ. ആശുപത്രിയിൽ ലഭ്യമല്ലാത്ത എക്സറേ സ്‌കാനിംഗ് എന്നിവയ്ക്ക് പുറത്തേക്ക് കൊണ്ടുപോകാനും ഈ ദുരവസ്ഥയാണ്.
ഡോക്ടർമാർ എഴുതിത്തരുന്ന മരുന്നുകൾ മിക്കതും പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ്. കിടത്തി ചികിത്സയ്ക്കുള്ള പല വാർഡുകളിലും രോഗികൾ നിലത്താണ് കിടക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ രോഗികളുമായി എത്തുന്ന ആംബുലൻസ് ഡ്രൈവർമാർ രോഗികളോടൊപ്പം നിന്ന് പരിചരിച്ചില്ലെങ്കിൽ സേവനം ലഭ്യമാകുന്നില്ലെന്ന പരാതിയുമുണ്ട്.
രോഗികളുടെ എണ്ണത്തിലെ വർദ്ധനവാണ് വീൽച്ചെയറുകളുടെ കുറവിന് കാരണമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ഉപയോഗ ശേഷം വീൽച്ചയറുകൾ പലഭാഗത്തായി ഇടുന്നതും യഥാസമയം സേവനം ലഭ്യമാകാതിരിക്കാനുള്ള കാരണമാണ്. ബന്ധപ്പെട്ട അധികൃതർ വിഷയത്തിൽ ഇടപെട്ട് പ്രശ്ന പരിഹാരമുണ്ടാക്കണമെന്നാണ് ആവശ്യം.
മിക്ക സമയങ്ങളിലും ഈ പ്രശ്നം നേരിട്ടിട്ടുള്ള വ്യക്തിയാണ് താൻ. 20 വർഷത്തോളമായി ആംബുലൻസ് ഡ്രൈവറായി സേവനമനുഷ്ഠിക്കാൻ തുടങ്ങിയിട്ട്. കുറച്ച് ആഴ്ചകൾക്കു മുമ്പ് കാമ്പ്രത്ത്ചള്ളിയിലെ ഒരു വൃദ്ധനെ ആശുപത്രിയിലെത്തിച്ചു, രണ്ടുദിവസം കഴിഞ്ഞിട്ടും കൂടെ ആളില്ലാത്തതിനാൽ അദ്ദേഹത്തെ വാർഡിൽ അഡ്മിറ്റ് ചെയ്തിരുന്നില്ല.
ആരുമില്ലാത്തതിനാൽ ആശുപത്രിയിൽ ചികിത്സ നിഷേധിക്കുന്നത് വളരെ ഖേദകരമാണ്. വീൽ ചെയറുകളുടെ കാര്യത്തിൽ ശാശ്വതമായ പരിഹാരം കണ്ടെത്തണം.
--- ടി.ഗോപി,
ആംബുലൻസ് ഡ്രൈവർ
75 വീൽ ചെയറുകളുണ്ട് ജില്ലാ ആശുപത്രിയിൽ. എക്സ്റേ സ്‌കാനിംഗ് തുടങ്ങിയ സേവനങ്ങൾക്കായി ഇവ ഉപയോഗിക്കുന്നുണ്ട്. പുതിയ വാർഡുകളുടെ ആവശ്യമനുസരിച്ച് വീൽ ചെയറുകൾ വാങ്ങാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്.
---ഡോ. സി.കെ.ജയശ്രീ,
പാലക്കാട് ജില്ല ആശുപത്രി സൂപ്രണ്ട്