പാലക്കാട്: ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇത്തവണ 12 അഗ്രഗേറ്റ് ട്രോഫികൾ വിതരണം ചെയ്യും. കഴിഞ്ഞ വർഷം വരെ ഏഴെണ്ണമാണ് നൽകിയിരുന്നത്. ഈ വർഷം എല്ലാ അഗ്രഗേറ്റ് റണ്ണറപ്പുകൾക്കും ട്രോഫി നൽകുമെന്ന് ട്രോഫി കമ്മിറ്റി കൺവീനർ ധീര പി.ദേവസ്യ പറഞ്ഞു.
ഉപജില്ലാതല വിജയികളിൽ ഒന്നും രണ്ടും സ്ഥാനക്കാർക്ക് ട്രോഫി സമ്മാനിക്കാറുണ്ട്. എന്നാൽ അറബിക് കലോത്സവം, സംസ്കൃതോത്സവം, അഗ്രഗേറ്റ് സ്കൂൾ വിഭാഗങ്ങളിൽ ഒന്നാംസ്ഥാനത്തിന് മാത്രമാണ് അഗ്രഗേറ്റ് ട്രോഫി കൊടുത്തിരുന്നത്. ഇത്തവണ രണ്ടാംസ്ഥാനത്തിനും ലഭിക്കും.
സിംഗിൾ, ഗ്രൂപ്പ് ഇനങ്ങൾ ഭേദമില്ലാതെ എല്ലാ ഫസ്റ്റ് എ ഗ്രേഡുകാർക്കും വ്യക്തിഗത ട്രോഫി സമ്മാനിക്കും. ഗ്രൂപ്പ് ഇനങ്ങളിലെ ഫസ്റ്റ് എ ഗ്രേഡുകാർക്ക് ഇതുവരെ വ്യക്തിഗത ട്രോഫി കൊടുത്തിരുന്നില്ല. പങ്കെടുത്ത സ്കൂളിനാണ് നൽകിയിരുന്നത്. വ്യക്തിഗത ട്രോഫി വാങ്ങുന്ന കുട്ടികൾക്കായി ട്രോഫി കമ്മിറ്റി ഓഫീസിനകത്ത് സെൽഫി പോയന്റും ഒരുക്കിയിട്ടുണ്ട്. എച്ച്.എസ്.എസ്.ടി. അസോസിയേഷനാണ് ട്രോഫി കമ്മിറ്റി ചുമതല.
ട്രോഫി പ്രദർശനോദ്ഘാടനം നഗരസഭ സ്ഥിരസമിതി അദ്ധ്യക്ഷൻ എഫ്.ബി.ബഷീർ നിർവഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.വി.മനോജ്കുമാർ അദ്ധ്യക്ഷനായി. കൗൺസിലർ മിനി ബാബു, ഡി.ഇ.ഒ ഉഷ മാനാട്ട് തുടങ്ങിയവർ പങ്കെടുത്തു.