
മുതലമട: ഗ്രാമപഞ്ചായത്തിലെ മാവിൻ തോപ്പുകളിലടിച്ച കീടനാശിനികൾക്ക് അതിരൂക്ഷഗന്ധം അനുഭവപ്പെട്ടത്തിൽ ആശങ്കയിലായി നാട്ടുകാർ. പത്തിചിറ, മേപ്പാടം തുടങ്ങിയ ഇടങ്ങളിൽ മാവിന് പ്രയോഗിച്ച കീടനാശിനികൾക്കാണ് അതിരൂക്ഷഗന്ധമുള്ളത്.
വലിയ മാവുകൾക്ക് ഉയർന്ന തോത് പ്രഷറിൽ സ്‌പ്രേ ചെയുന്ന കീടനാശിനികൾ വായുവിൽ കലർന്ന് വായു മലിനീകരണവും ബാക്കി വരുന്നവ പുഴ, തോട്, കുളം തുടങ്ങിയിടങ്ങളിൽ ഒഴുക്കി വിടുന്നതിനാൽ ജലം മലിനമാകാനും കാരണമാകുന്നു. കൂടാതെ കീടനാശിനി പ്രയോഗിക്കുന്ന തൊഴിലാളികളിൽ അലർജി, ചൊറിച്ചിൽ എന്നീ അസുഖങ്ങളും കാണപ്പെടുന്നു. അതോടൊപ്പം ഗന്ധം, രുചി എന്നീ ഗുണങ്ങൾ തിരിച്ചറിയാനുള്ള കഴിവ് താൽക്കാലികമായി നഷ്ടപ്പെടുന്നതായും പറയപ്പെടുന്നു. അതിരൂക്ഷഗന്ധമുള്ള കീടനാശിനി പ്രയോഗിക്കുന്നിടത്തിലെ പരിസരവാസികളും, നാട്ടുകാരും ചേർന്ന് കൃഷി ഓഫീസർക്കും, പഞ്ചായത്തിനും, ജനപ്രതിനിധികൾക്കും പരാതി നൽകാൻ തയാറെടുക്കുകയാണ്.
അനിയന്ത്രിത കീടനാശിനി പ്രയോഗമോ?
മാങ്ങയുടെ സീസൺ ആരംഭിക്കുന്നത് മുതൽ പ്രയോഗിക്കുന്ന കീടനാശിനികൾ മാങ്ങ പൂർണ വളർച്ച എത്തുന്നത് വരെ തുടരും. സാധാരണഗതിയിൽ മൂന്നു മുതൽ നാലു തവണ വരെയാണ് ഇതിന്റെ കാലയളവ്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാലാവസ്ഥാ വ്യതിയാനത്തിന്റെയും കീടശല്യത്തിന്റെയും കാരണത്താൽ ഭൂരിഭാഗം തോട്ടങ്ങളിലും അനിയന്ത്രിത കീടനാശിനി പ്രയോഗം നടത്തിയിരുന്നു. ഇതിന്റെ പരിണിതഫലമായി മാവുകൾ കാലം തെറ്റി പൂവിടുകയും കൊഴിയുകയും ചെയുന്നുണ്ടായിരുന്നു. കൂടാതെ അശാസ്ത്രീയ കീടനാശിനി പ്രയോഗം നേരിട്ട മാവുകൾ മുരടിച്ചു നിൽക്കുകയും ചെയ്യുന്നുണ്ട്.
അതിർത്തികടന്ന് കീടനാശിനികൾ
ഭൂരിഭാഗം കീടനാശിനികളുടെയും നിർമ്മാണം അന്യസംസ്ഥാനങ്ങളിൽ നിന്നാണ്. നിലവിൽ അതിർത്തികടന്ന് കീടനാശിനികൾ പരിശോധിക്കാൻ സർക്കാർ സംവിധാനങ്ങളൊന്നുമില്ല. മാവിനാവശ്യമായ കീടനാശിനികൾ എല്ലാം കേന്ദ്ര ഗവ. അംഗീകാരം നേടിയിട്ടുള്ളവയാണെന്നാണ് കർഷകരുടെ വാദം. ഇവ കേരളത്തിൽ ലഭ്യമാണെങ്കിലും മിക്കവാറും ഇത് അതിർത്തി പ്രദേശങ്ങളിൽ നിന്നാണ് ഭൂരിഭാഗം കർഷകരും വാങ്ങുന്നത്. വിലക്കുറവും കൂടുതൽ എണ്ണം ലഭിക്കുകയും ചെയും എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു പിക്കപ്പ് വാനിൽ കൊള്ളുന്ന കീടനാശിനിയുടെ മൂല്യം ഏകദേശം അഞ്ച് ലക്ഷത്തോളം രൂപ വരും. വലിയതോതിൽ മാങ്ങ കൃഷി നടത്തുന്ന കർഷകർ ഒരുമിച്ചാണ് കീടനാശിനികൾ വാങ്ങാറുള്ളത്.