
കല്ലൂർ: മങ്കര പഞ്ചായത്തിലെ കല്ലൂർ മേഖലയിൽ കൂർക്ക കൃഷി വിളവെടുപ്പ് തുടങ്ങിയെങ്കിലും കഴിഞ്ഞ വർഷത്തേക്കാൾ വിലക്കുറവായതിനാൽ കർഷകർ ഇത്തവണ കണ്ണീരിലാണ്. 40 രൂപ വരെ കിലോക്ക് ലഭിച്ചിരുന്ന കൂർക്ക ഇപ്പോൾ 20 - 22 രൂപക്കാണ് കച്ചവടക്കാർ ശേഖരിക്കുന്നത്. ഒരു ഏക്കർ കൂർക്ക കൃഷി ചെയ്യാനായി ഒരുലക്ഷം രൂപയിലേറെ വരെ ചെലവായിട്ടുണ്ട്. നിധി, ശ്രീധര, സുഫല, എന്നീ ഇനങ്ങളാണ് കൃഷിയിറക്കിയിരുന്നത്.
കല്ലൂരിൽ മാത്രമായി 100 ഏക്കറോളം കൂർക്ക കൃഷി ചെയ്തിട്ടുണ്ട്. പാലക്കാടൻ കൂർക്കയ്ക്ക് തൃശൂർ, എറണാംകുളം ജില്ലയിൽ നല്ല ഡിമാന്റാണ്. ഏകദേശം മൂന്നു മാസം കൊണ്ട് വിളവെടുപ്പാനാകും. ജൂൺ മാസത്തിൽ നടേണ്ട കൃഷി കാലവർഷം വൈകിയതോടെ ആഗസ്റ്റ് മാസങ്ങളിലാണ് നടീൽ പൂർത്തീകരിച്ചത്. ഇത്തവണ വിലയും വിളവും വളരെ കുറവാണ്. പലകർഷകരും കടക്കെണിയിലുമാണ്. കൂലിച്ചെലവ് പോലും കിട്ടാത്തതിനാൽ ഏറെ ദുരിതത്തിലാണ് കൂർക്ക കർഷകരെന്നും സർക്കാറിന്റെ സഹായം ലഭ്യമാക്കണമെന്നും കർഷകരായ കെ.കെ.റഹിമാൻ, അരങ്ങാട്ട് നാസർ, എം.വി.രമേശ്, കുഞ്ഞുകുട്ടൻ, അബ്ദുൽ കാതർ, കുട്ടൻ, അലി എന്നിവർ ആവശ്യപ്പെട്ടു.