
ആദ്യഘട്ട നിർമ്മാണം രണ്ട് കോടി രൂപ ഉപയോഗിച്ച്.
നിർമ്മാണം തുടങ്ങിയത് കണ്ടൻതോട് പ്രദേശത്ത് നിന്ന്.
നിർമ്മാണം 2.2 കിലോമീറ്റർ.
ആകെ റോഡിന്റെ വീതി 6.10 മീറ്റർ.
പാത നവീകരണം നഗരസഭാ മത്സ്യമാർക്കറ്റ് മുതൽ ലിബർട്ടി സ്ട്രീറ്റ് വരെ.
പട്ടാമ്പി: രണ്ട് പ്രധാന പാതകളെ ബന്ധിപ്പിക്കുന്ന പട്ടാമ്പി ബൈപാസ് ഒന്നാംഘട്ട പ്രവൃത്തി പരിസമാപ്തിയിലേക്ക്. നിലവിൽ കട്ട വിരിക്കൽ അന്തിമ ഘട്ടത്തിലാണ്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവൃത്തി രണ്ട് കോടി രൂപ ഉപയോഗിച്ചാണ് ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കുന്നത്. പെരിന്തൽമണ്ണ റോഡിൽ നിന്നും നഗരത്തിലെ ഗതാഗത കുരുക്കിൽ പെടാതെ ഗുരുവായൂർ റോഡിൽ എത്തുന്നതാണ് ബൈപ്പാസിന്റെ പ്രത്യേകത. ഈമാർഗം യാഥാർഥ്യമാകുന്നതോടെ പട്ടാമ്പി താലൂക്ക് ആശുപത്രി, മിനി സിവിൽ സ്റ്റേഷൻ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, മുനിസിപ്പാലിറ്റി, വില്ലേജ് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ടൗൺ തൊടാതെ എത്താൻ കഴിയും. നഗരത്തിന്റെ തിരക്കിൽ നിന്നൊഴിഞ്ഞ നിരത്തായതിനാൽ പ്രഭാത സായാഹ്ന സവാരിക്കും സൗകര്യമാവും. ഒന്നര പതിറ്റാണ്ടു മുമ്പ് നിർമ്മാണം തുടങ്ങിയ വികസന പ്രവൃത്തിയാണ് നിലച്ചും കിതച്ചും ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്.
പദ്ധതി ആവിഷ്‌കരിച്ചത് ഒന്നര പതിറ്റാണ്ടു മുമ്പ്
പട്ടാമ്പി ടൗണിൽ തീരാശാപമായി തുടരുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായാണ് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഒന്നര പതിറ്റാണ്ടു മുമ്പ് പദ്ധതി ആവിഷ്‌കരിച്ച് നിർമ്മാണം തുടങ്ങിയത്. കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണവും ലഭിച്ചതോടെയാണ് പദ്ധതിക്ക് വീണ്ടും ചിറക് മുളച്ചത്. പിന്നീട് വിവിധ കാരണങ്ങളാൽ പലവട്ടം മുടങ്ങിയ പദ്ധതിയാണ് കഴിഞ്ഞ വർഷം റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി സർക്കാർ രണ്ടുകോടി അനുവദിച്ചത്.
ആദ്യഘട്ട നവീകരണം ഒരു കിലോമീറ്റർ ദൂരം
പട്ടാമ്പി-പെരിന്തൽമണ്ണ റോഡിലെ കണ്ടൻതോട് പ്രദേശത്തുനിന്നാണ് ആദ്യഘട്ട നിർമ്മാണം തുടങ്ങിയത്. നഗരസഭാ പരിധിയിൽ 2.2 കിലോമീറ്ററാണ് നിർമ്മാണം. കൂടുതൽ ശോച്യാവസ്ഥയിലുള്ള ഭാഗങ്ങളിലാണ് കോൺക്രീറ്റ് കട്ടവിരിച്ചത്.
ആദ്യഘട്ടത്തിൽ ഒരു കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. കട്ട വിരിക്കലിനുശേഷം രണ്ടുവശത്തെ കോൺക്രീറ്റ് ഉൾപ്പെടെ 6.10 മീറ്ററാണ് ആകെ റോഡിന്റെ വീതിയുണ്ടാവുക. നഗരസഭാ മത്സ്യമാർക്കറ്റ് മുതൽ ലിബർട്ടി സ്ട്രീറ്റ് വരെയാണ് പാത നവീകരണം നടപ്പാക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അതു കഴിഞ്ഞാൽ രണ്ടാം ഘട്ട നിർമ്മാണം തുടങ്ങും. പ്രവൃത്തി വിലയിരുത്താൻ മുഹമ്മദ് മുഹ്സിൻ എം.എൽ.എയും നഗരഭരണ സാരഥികളും നിരത്ത് സന്ദർശിച്ചു.