s

പാലക്കാട്: റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഇന്ന് നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ മത്സരാവേശം കൊടുമുടിയിലെത്തി. ഉപജില്ലകളെല്ലാം ഒപ്പത്തിനൊപ്പം വാശിയേറിയ മുന്നേറ്റം കാഴ്ചവയ്ക്കുകയാണ്.

ഇന്നലെ രാത്രി പത്തിനുള്ള കണക്കനുസരിച്ച് 567 പോയിന്റുമായി പാലക്കാട് ഒന്നാമതും 548 പോയിന്റുമായി ഒറ്റപ്പാലം രണ്ടാമതും 519 പോയിന്റുമായി ആലത്തൂർ മൂന്നാം സ്ഥാനത്തുമാണ്. സ്കൂൾ തലത്തിൽ 240 പോയിന്റുമായി ആലത്തൂർ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ് ഒന്നാമതും 151 പോയിന്റുമായി പാലക്കാട് ഭാരത് മാത എച്ച്.എസ്.എസ് രണ്ടാമതും 146 പോയിന്റുമായി ചിറ്റൂർ ജി.വി.ജി.എച്ച്.എസ്.എസ് മൂന്നാംസ്ഥാനത്തും നിൽക്കുന്നു.

ഇന്ന് പ്രധാനമായും മോഹിനിയാട്ടം, നാടോടിനൃത്തം, സംഘനൃത്തം, എച്ച്.എസ്.എസ് വിഭാഗം നാടകം, കൂടിയാട്ടം, കഥാപ്രസംഗം, അഷ്ടപദി, പാഠകം, ബാന്റ് മേളം, ഗിറ്റാർ, വൃന്ദവാദ്യം, തമിഴ് കലോത്സവം തുടങ്ങിയ മത്സരങ്ങളാണ്. മൂന്ന് ദിവസത്തിനിടെ 77 അപ്പീലുകളാണ് ലഭിച്ചത്.

നാളെ വൈകിട്ട് അഞ്ചിന് വി.കെ.ശ്രീകണ്ഠൻ എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. രമ്യ ഹരിദാസ് എം.പി സമ്മാനദാനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ അദ്ധ്യക്ഷയാകും. എം.എൽ.എമാരായ ഷാഫി പറമ്പിൽ, കെ.ശാന്തകുമാരി, കെ.ഡി.പ്രസേനൻ, പി.പി.സുമോദ്, നഗരസഭ ഉപാദ്ധ്യക്ഷൻ ഇ.കൃഷ്ണദാസ് എന്നിവർ പങ്കെടുക്കും. നടൻ ഷാജു ശ്രീധർ മുഖ്യാതിഥിയാകും.