
ഷൊർണൂർ: അമൃത് ഭാരത് പദ്ധതിയും നിലമ്പൂർ നഞ്ചൻകോട് പദ്ധതിയും ഷൊർണൂരിന്റെ റെയിൽവേ വികസന മുരടിപ്പിന് പരിഹാരമാകുന്നു. നിലവിലുള്ള റെയിൽവേ ജംഗ്ഷനിൽ നിരവധി മാറ്റങ്ങളാണ് കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിലൂടെ ഷൊർണൂർ ജംഗ്ഷനിൽ വരാൻ പോകുന്നത്. ഇതിന്റെ പ്രവൃത്തികളും ദ്രുതഗതിയിൽ നടന്നു വരുന്നു. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനിൽ പോരായ്മകളുടെ കണക്കുകൾ മാത്രമാണുണ്ടായിരുന്നത്. ഒരു പരിധി വരെ അമൃത് പദ്ധതിയിലൂടെ പരിഹരിക്കപ്പെടും. ഇതു സംബന്ധിച്ച് റെയിൽ അഡീ. ഡിവിഷണൽ റെയിൽവെ മാനേജർ എസ്.ജയകൃഷ്ണൻ ഷൊർണൂർ നഗരസഭാ ചെയർമാനടക്കമുള്ള വിവിധ രാഷ്ട്രീയ പ്രതിനിധികളോട് വിശദീകരിച്ചു.
വൺ വേയായി ഷൊർണൂർ ബസ് സ്റ്റാൻഡിലേക്കെത്തുന്ന ബസുകളുടെ നിലവിലെ റെയിൽവേ സ്റ്റേഷനു മുന്നിലൂടെയുള്ള റൂട്ട് മാറും. ഇത് നിലവിലെ പി.ഡബ്ല്യു.ഡി പാതയുടെ വടക്കുഭാഗത്തേക്ക് നീക്കും. ഇതോടെ കൂനമുക്ക് വളവ് മാറി മാരിയമ്മൻ ക്ഷേത്രം റോഡിനോടടുത്തെത്തും. നിലവിലുള്ള പാത നിൽക്കുന്നിടത്ത് റെയിൽവേ സ്റ്റേഷന്റെ പ്രവേശനകവാടം വരും. പാർക്കിംഗ് ഏരിയകളുടെ വിപുലപ്പെടുത്തൽ നടത്താൻ കാടും പൊന്തക്കാടും, ചതുപ്പുമായി കിടന്നിരുന്ന ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിനോട് ചേർന്ന ഭാഗമാണ് നികത്തി ഉപയോഗിക്കുന്നത്. ഇതോടെ ഷൊർണൂർ ജംഗ്ഷന്റെ മുഖ സൗന്ദര്യമാണ് വർദ്ധിക്കുക.
ചില പദ്ധതികൾ ഫെബ്രുവരിയോടെ പ്രാവർത്തികമാകും
നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന മലിന ജലമൊഴുന്ന അഴുക്കുചാൽ നവീകരിക്കും. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന്റെ നീളം കൂട്ടൽ, പ്ലാറ്റ്‌ഫോമുകളുടെ മേൽ കൂരകൾ നവീകരണം, പ്ലാറ്റ്‌ഫോമുകളിൽ ഇരിപ്പിടങ്ങൾ, ടോയ്‌ലറ്റുകൾ തുങ്ങിയ പദ്ധതികൾ ഫെബ്രുവരിയോടെ പ്രാവർത്തികമാക്കും.
കോയമ്പത്തൂർ-ഷൊർണൂർ പാതയിരട്ടിപ്പിക്കൽ ഉടൻ
ഷൊർണൂർ-കോയമ്പത്തൂർ മൂന്നും നാലും ട്രാക്കുകളുടെ നിർമ്മാണവും ഉടനെ തുടങ്ങും. ഇതിന്റെ കരട് അലൈൻമെന്റിന് ഉടനെ അംഗീകാരം ലഭിക്കും. മാത്രമല്ല നിലമ്പൂർ നഞ്ചൻകോട് പാതയുടെയും അലൈൻമന്റിന് അംഗീകാരം ലഭിക്കും. ഇതോടെ യാത്രാ വണ്ടികളുടെയും ചരക്കു വണ്ടികളുടെയും എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് വരും. ഇതിന്റെയെല്ലാം സർവ്വേ പൂർത്തിയാക്കി റെയിൽവേയ്ക്ക് നൽകിയിട്ടുണ്ട്. 200 കിലോമീറ്റർ ദൂരമാണ് നിലമ്പൂർ നഞ്ചൻകോട് റെയിൽപാതക്കുള്ളത്. ഇതിൽ തന്നെ ടണലുകളും, മലകളും ഉൾപ്പെട്ടിട്ടുണ്ട്. കോയമ്പത്തൂർ-ഷൊർണൂർ പാതയിരട്ടിപ്പിക്കൽ നടപടികളാവും ആദ്യം പൂർത്തീകരിക്കുക.