ചിറ്റൂർ: കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച ചിറ്റൂർ നെടുങ്ങോട് സ്വദേശികളായ ആർ.അനിൽ, എസ്.സുധീഷ്, രാഹുൽ, എസ്.വിഘ്നേഷ് എന്നിവർക്ക് കണ്ണീരോടെ യാത്രാമൊഴി. രാഹുലിന്റെ മൃതദേഹത്തിൽ ഏഴുമാസം ​ഗർഭിണിയായ ഭാര്യ നീതു ചോക്ലേറ്റും റോസാപ്പൂക്കളും സമർപ്പിച്ചത് കരളലിയിക്കുന്ന കാഴ്ചയായി.

ശ്രീനഗറിൽ നിന്നും വിമാന മാർഗം വെള്ളിയാഴ്ച പുലർച്ചെ 3ന് നെടുമ്പാശേരിയിൽ എത്തിച്ച മൃതദേഹങ്ങൾ രാവിലെ 6ന് ചിറ്റൂരിലെത്തിച്ചു. യുവാക്കൾ ഒരുമിച്ചുകളിച്ചു വളർന്ന ടെക്നിക്കൽ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ എട്ടുമണിവരെ പൊതുദർശനത്തിന് വച്ച ശേഷമാണ് നാല് ആംബുലൻസുകളിലായി മൃതദേഹം വീടുകളിൽ എത്തിച്ചത്. സ്‌കൂൾ ഗ്രൗണ്ടിലും വീട്ടിലും ആയിരങ്ങൾ ആദരാഞ്ജലി അർപ്പിക്കാനെത്തി. ചടങ്ങുകൾക്കുശേഷം വൻ ജനാവലിയുടെ അകമ്പടിയോടെ ചിറ്റൂർ പുഴയുടെ തീരത്ത് മന്ദക്കാട് പൊതു ശ്മശാനത്തിൽ സംസ്‌കരിച്ചു. നാല് പേരുടേയും മൃതദേഹങ്ങൾ അടുത്തടുത്ത് കിടത്തി സംസ്‌കാര ചടങ്ങുകൾ നടത്തിയ കാഴ്ച കണ്ടുനിന്നവരെ കണ്ണീരണിയിച്ചു.

നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ നെടുമ്പാശേരിയിൽ എത്തിച്ച മൃതദേഹങ്ങൾ ചിറ്റൂർ തഹസിൽദാർ എൻ.എം. മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘമാണ് ഏറ്റുവാങ്ങിയത്. സർക്കാരിന്റെ പ്രതിനിധിയായി നോർക്ക അസി. ലെയ്സൺ ഓഫീസർ ടി.ഒ.ജിതിൻ രാജ് ചിറ്റൂർവരെ മൃതദേഹങ്ങളെ അനുഗമിച്ചു. അപകടത്തിൽപെട്ട സംഘത്തിലെ ആർ.സുനിൽ, കെ.രാജേഷ്, എസ്.ശ്രീജേഷ്, കെ.അരുൺ, പി.അജിത്ത്, എസ്.സുജീവ് എന്നിവരും ഇതേ വാഹനത്തിൽ നാട്ടിലെത്തി.