photo

ചിറ്റൂർ: വിനോദ യാത്രയ്ക്കിടെ കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച ചിറ്റൂർ നെടുങ്ങോട് സ്വദേശികളുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചു. ശ്രീനഗറിൽ നിന്നും വിമാന മാർഗം ഇന്നലെ പുലർച്ചെ 3ന് നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹങ്ങൾ രാവിലെ 6ന് ചിറ്റൂരിലേക്ക് കൊണ്ടുവന്നു. തുടർന്ന് ടെക്ക്നിക്കൽ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ 8മണി വരെ പൊതുദർശനത്തിന് വച്ച ശേഷം യുവാക്കളുടെ വീടുകളിലേക്കു എത്തിക്കുകയായിരുന്നു. പൊതുദർശനത്തിനു വച്ച സ്‌കൂൾ മൈതാനിയിലും വീടുകളിലുമായി ആയിരക്കണക്കിന് ആളുകളാണ് നാടിന്റെ മക്കൾക്ക് അന്തിമോപചാരമർപ്പിക്കാനെത്തിയത്. ചടങ്ങുകൾക്കുശേഷം വൻ ജനാവലിയുടെ അകമ്പടിയോടെ ചിറ്റൂർ പുഴയുടെ തീരത്ത് മന്ദക്കാട് പൊതു ശ്മശാനത്തിലെത്തിച്ച് സംസ്‌കരിച്ചു. നാല് പേരുടേയും മൃതദേഹങ്ങൾ അടുത്തടുത്ത് കിടത്തിയാണ് സംസ്‌കാര ചടങ്ങുകൾ നടത്തിയത്. ഈ കാഴ്ച കണ്ടുനിന്നവരെ കണ്ണീരണിയിച്ചു.

രാവിലെ 6.30 ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി ചിറ്റൂർ ടെക്നിക്കൽ ഹൈസ്‌കൂളിലെത്തി യുവക്കാളുടെ മൃതദേഹങ്ങളിൽ റീത്തുകൾ ചാർത്തി ആദരാഞ്ജലികൾ അർപ്പിച്ചു. ജനതാദൾ(എസ്) സംസ്ഥാന ജന സെക്രട്ടറി അഡ്വ: വി.മുരുകദാസ്, സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു, ഷാഫി പറമ്പിൽ എം.എൽ.എ, സി.പി.ഐ ജില്ല സെക്രട്ടറി കെ.പി.സുരേഷ് രാജ്, സുമേഷ് അച്യുതൻ, കെ.സി.പ്രീത്, ശിവപ്രകാശ്, കെ.എൽ.കവിത തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.

 അവസാന യാത്രയും അന്ത്യവിശ്രമവും ഒരുമിച്ച്
നാട്ടിലെ പൊതുരംഗത്ത് നിറഞ്ഞു നിന്നിരുന്ന എല്ലാ കാര്യങ്ങളിലും ഒപ്പം നിന്നവർ സഹോദരങ്ങളും അയൽവാസികളുമായിരുന്ന വർ അവസാന യാത്രയിലും അന്ത്യവിശ്രമത്തിലും ഒരുമിച്ച് തന്നെ. നാല് പേർക്കും ചിതയൊരുങ്ങിയത് ഒരേ സ്ഥലത്താണ്. ചിറ്റൂർ പുഴയോരത്ത് മന്ദക്കാട് പൊതുശ്മശാനത്തിൽ പടർന്നുപന്തലിച്ചു നിൽക്കുന്ന ആൽമരചുവട്ടിലാണ് അടുത്തടുത്തായി നാലുപേർക്കും അന്ത്യവിശ്രമത്തിന് ഇടം ഒരുക്കിയത്. ഇനിയുള്ള നാളുകളിൽ അവരില്ല എന്ന വേദന കടിച്ചമർത്തി കണ്ണീരോടെ കൂട്ടുകാരും കൂടപിറപ്പുകളും നാട്ടുകാരും അന്ത്യകർമ്മങ്ങൾക്ക് സാക്ഷ്യം വഹിച്ചു.


 മനോജിന് കൂട്ടായി സുഹൃത്തുക്കൾ പോകും

കാശ്മീർ അപകടത്തിൽ പരിക്കേറ്റ് സൗറയിലെ എസ്.കെ.ഐ.എം.എസ് ആശുപത്രിയിൽ ചികിത്സയിലുള്ള മനോജ് മാധവനൊപ്പം സുഹൃത്തക്കളായ വിബാല മുരുകൻ, ഷിജു എന്നിവർ സഹായത്തിനായി അവിടെയുണ്ട്. അവരെ നാട്ടിലെത്തിക്കാനായി പകരം ഇവരുടെ സ്‌നേഹിതരായ രണ്ടുപേർ ഇന്ന് ശ്രീനഗറിലേക്കു പോകും. അവിടെയെത്തിയാൽ ഉടൻ ബാല മുരുകനേയും ഷിജുവിനേയും നാട്ടിലെത്തിക്കും.കഴിഞ്ഞ 30 നാണ് 13 അംഗ സംഘം ചിറ്റൂർ നെടുങ്ങോടു നിന്നും ഉല്ലാസ യാത്ര പുറപ്പെട്ടത്.