regulator
കൂട്ടക്കടവ് റെഗുലേറ്റർ

ആനക്കര: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം രൂപകല്പനയിൽ മാറ്റം വരുത്തി കൂട്ടക്കടവ് റെഗുലേറ്റർ നിർമ്മാണം പുനഃരാരംഭിച്ചു. ആനക്കര, പട്ടിത്തറ, പരുതൂർ, ഇരിമ്പിളിയം പഞ്ചായത്തുകൾക്ക് ഗുണം ലഭിക്കുന്ന പദ്ധതി റീ ബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തിയാണ് നിർമ്മിക്കുന്നത്.

പദ്ധതിയെ ആശ്രയിച്ച് നടപ്പാക്കാൻ ലക്ഷ്യമിടുന്ന ജലസേചന ശുദ്ധജല പദ്ധതികൾക്കായുള്ള അനുബന്ധ പ്രവൃത്തികളും പുരോഗമിക്കുന്നുണ്ട്. 35 കോടിയാണ് ചെലവ്. ആവശ്യമായ ഭേദഗതി വരുത്തിയാണ് പുതിയ രൂപരേഖ തയ്യാറാക്കിയത്.

നബാർഡിന്റെ ആർ.ഐ.ഡി.എഫ് സ്കീമിൽ ഉൾപ്പെടുത്തി 2015ലാണ് റഗുലേറ്ററിന്റെ നിർമാണം ആരംഭിച്ചത്. നബാർഡ് സഹായത്തോടെ 50 കോടി ചെലവിട്ട്, കൂടല്ലൂർ കൂട്ടക്കടവിലായിരുന്നു നിർമ്മാണം. 2018ലെ പ്രളയത്തെ തുടർന്നാണ് പദ്ധതിയുടെ ജോലികൾ നിലച്ചത്. അന്ന് 19 തൂണുകളുടെ നിർമ്മാണം പൂർത്തിയായിരുന്നു. 2019ലെ പ്രളയവും പദ്ധതിയെ കൂടുതൽ പ്രതിസന്ധിയിലാക്കി.

2018ൽ 13.25 മീറ്ററും 2019ൽ 13.25 മീറ്ററും 2020ൽ 11.50 മീറ്ററുമാണ് ഇവിടെ ജലനിരപ്പുയർന്നത്. 12.25 വരെയുള്ള അളവിലായിരുന്നു നിർമ്മാണം നടന്നത്. ഇതോടെ പദ്ധതിക്കെതിരേ എതിർപ്പുകളുയർന്നു. 32 കോടിയുടെ നിർമ്മാണ പ്രവൃത്തി നടത്തിയതായി ഉദ്യോഗസ്ഥർ പറയുന്നു. തുടർന്ന്, 2022ൽ മന്ത്രി എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ചർച്ച നടത്തി ആശങ്ക പരിഹരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ രൂപകല്പനയിൽ ചെറിയ ഭേദഗതി വരുത്തി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു.

പുതിയ രൂപരേഖ ഇങ്ങനെ

പ്രളയം വന്നാലും ഷട്ടറുകൾ ഉയർത്തി വയ്ക്കാവുന്ന തരത്തിലാണ് പുതിയ രൂപരേഖ. നാലടി വീതിയിൽ റെഗുലേറ്ററിന് മുകളിലൂടെ കാൽനടപ്പാതയുണ്ടാകും. ജനറേറ്റർ റൂം, ഓപ്പേററ്റർ റൂം, വാച്ച്മാൻ റൂം എന്നിവയുമൊരുക്കും.

രണ്ട് ജില്ലകൾക്ക് പ്രയോജനം

പാലക്കാട് ജില്ലയിലെ ആനക്കര, പട്ടിത്തറ, പരുതൂർ, തിരുവേഗപ്പുറ പഞ്ചായത്തുകൾക്കും മലപ്പുറം ജില്ലയിലെ ഇരുമ്പിളിയം, കുറ്റിപ്പുറം പഞ്ചായത്തുകൾക്കും പദ്ധതി പ്രയോജനം ചെയ്യും.

ജലജീവൻ മിഷൻ പ്രവൃത്തി പൂർത്തിയാവുന്നതോടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള പ്രധാനസ്രോതസാകും. ഇരുജില്ലകളിലെയും 2,000 ഹെക്ടറിൽ ജലസേചന സൗകര്യവും ലക്ഷ്യമിടുന്നുണ്ട്. റഗുലേറ്ററിന് മുകളിലൂടെ കാൽനടപ്പാത നിർമ്മിക്കുന്നതോടെ പേരശനൂർ ഭാഗത്തേക്ക് നടന്നുപോകാനും കഴിയും.