
ശ്രീകൃഷ്ണപുരം: ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ കോട്ടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും എളമ്പുലാശേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും പ്രവർത്തനം താളംതെറ്റുന്നു.
കോട്ടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നവംബർ മുതൽ സ്ഥിരം ഡോക്ടറില്ല. കരിമ്പുഴ പഞ്ചായത്ത് നിയമിച്ച ഡോക്ടർക്ക് പുറമെ എളമ്പുലാശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്കാണ് ഇവിടെ ചുമതല നൽകിയിരുന്നത്. എന്നാൽ ഈ ഡോക്ടർക്ക് സ്ഥലംമാറ്റം വന്നതോടെ കോട്ടപ്പുറത്തെ ഒ.പി മുടങ്ങാനുള്ള സാദ്ധ്യതയേറി. 150-ഓളം രോഗികളാണ് ദിവസവും ഇവിടെ ചികിത്സയ്ക്കെത്തുന്നത്.
കോട്ടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ചുമതല നൽകിയതോടെ എളമ്പുലാശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്ഥിരം ഡോക്ടറും ആർദ്രം പദ്ധതി പ്രകാരം പഞ്ചായത്ത് നിയമിച്ച ഡോക്ടറും മാത്രമാണുള്ളത്. ഇതിൽ ഒരാൾക്ക് കുത്തിവയ്പിനോ മറ്റ് യോഗങ്ങൾക്കോ പോകേണ്ട അവസ്ഥ വന്നാൽ സായാഹ്ന ഒ.പിയെ പോലും ബാധിക്കുന്ന സാഹചര്യമാണ്. നിലവിലെ ഡോക്ടർമാർക്ക് അമിത ജോലി ഭാരവും ഉണ്ട്. കോട്ടപ്പുറം ആശുപത്രിയിൽ ഡോക്ടർ ഇല്ലാതെയായാൽ പഞ്ചായത്തിന്റെ പദ്ധതി നിർവഹണത്തെയും ബാധിക്കും. കോട്ടപ്പുറത്തെയും എളമ്പുലാശേരിയിലെയും ഡോക്ടർമാരുടെ കുറവ് അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.