malikapuram

ഒറ്റപ്പാലം: ശബരിമല സന്നിധാനത്ത് നടപ്പന്തലിൽ പുലർച്ചെ ഡ്യൂട്ടി ചെയ്തു ക്ഷീണിച്ചു നിൽക്കുന്ന പൊലീസുകാരന് പാൽ പുഞ്ചിരിയോടെ ബിസ്‌ക്കറ്റ് കേക്ക് സമ്മാനിച്ച ഒറ്റപ്പാലത്തുകാരി ശ്രീനന്ദ വൈറൽ കുറിപ്പിലെ താരമായി.
നാലു വയസുകാരിയായ ശ്രീനന്ദ എന്ന മാളികപ്പുറം പാൽ പുഞ്ചിരിയോടെ ബിസ്‌ക്കറ്റ് സമ്മാനിച്ച സംഭവം തന്റെ കണ്ണുകളെ ഈറനണിയിച്ചതായി പറഞ്ഞ് സന്നിധാനത്ത് നിന്ന് പ്രദീപ് എന്ന പൊലീസുകാരൻ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ഒറ്റപ്പാലം പാവുക്കോണം കവളേങ്കിൽ രാമദാസ്-ശ്രീരേഖ ദമ്പതികളുടെ മകളാണ് ശ്രീനന്ദ. മൂന്നാം തവണയാണ് മാളികപ്പുറമായി മലയിലെത്തുന്നത്. തൃശൂർ കോലഴി സ്വദേശിയായ പ്രദീപ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണ്. പ്രദീപ് പങ്കുവെച്ച വരികൾ ഇങ്ങിനെ.
'സന്നിധാനത്ത് നടപന്തലിലെ ജോലിക്കിടെ ഉറക്കം വന്ന അവസ്ഥയിൽ നിൽക്കുന്ന തന്റെ മുൻപിലേക്ക് പാൽ പുഞ്ചിരി പൊഴിച്ചു കൊണ്ട് ഒരു മാളികപ്പുറം കടന്നുവന്നു. കക്ഷിയുടെ കൈയ്യിൽ ഒരു ബിസ്‌ക്കറ്റ് കേക്കുമുണ്ട്. എന്റെ മുമ്പിൽ വന്ന് അത് എന്റെ നേർക്ക് വെച്ച് നീട്ടി. ആ സമയത്ത് ബിസ്‌ക്കറ്റ് കഴിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും അത് നിഷേധിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ ആ കുട്ടിയുടെ പേരും മറ്റും ചോദിച്ചു.
ശ്രീനന്ദ എന്നാണ് പേര്. പാലക്കോട് സ്‌കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്നു. ഒറ്റപ്പാലത്താണ് വീട്. അച്ഛനും കൂടെയുള്ളവരും തൊട്ടടുത്തുതന്നെയുണ്ട്. അവർ നെയ്‌തേങ്ങ ഉടയ്ക്കുന്ന തിരക്കിലാണ്. ഒരു പരിചയം പോലും ഇല്ലാത്ത എനിക്ക് എന്റെ ക്ഷീണിച്ചുള്ള നിൽപ്പ് കണ്ട് വെച്ച് നീട്ടിയ ആ സ്‌നേഹമാധുര്യം സത്യത്തിൽ എന്റെ കണ്ണുകളെ ഈറനണിയിച്ചു. '
ഈ സംഭവം അന്ന് തന്നെ വീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ തന്റെ മകളോട് പറഞ്ഞിരുന്നതായും, 'നമുക്കവളെ പോയി കാണണം' എന്ന് മകൾ പറഞ്ഞതായും പ്രദീപ് പറഞ്ഞു.
ശബരിമല ഡ്യൂട്ടി കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയതായും മകളുടെ പരീക്ഷ കഴിഞ്ഞാൽ ഉടനെ തന്നെ സമ്മാനവുമായി ശ്രീനന്ദയെ പോയി കാണുമെന്നും പ്രദീപ് പറഞ്ഞു.
മഹാകവി അക്കിത്തത്തിന്റെ കവിതയിലെ വരികൾ ഉദ്ദരിച്ചായിരുന്നു പ്രദീപ് തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്. 'ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി ഞാൻ പൊഴിക്കവേ... ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായി ചെലവാക്കവേ.. '