
ചിറ്റൂർ: ജമ്മു കശ്മീർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവെ മരണപ്പെട്ട ചിറ്റൂർ നെടുങ്ങോട് സ്വദേശി മനോജിന്റെ മൃതദേഹം നാട്ടിലെത്തി സംസ്‌രിച്ചു. ഇന്നലെ പുലർച്ചെ വീട്ടിലെത്തിച്ച് പൊതുദർശനത്തിനു ശേഷം മന്ദക്കാട് പൊതു സ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടത്തുകയായിരുന്നു. ഇക്കഴിഞ്ഞ 5 ന് ചൊവ്വാഴ്ച്ചയാണ് ജമ്മു കശ്മീരിലെ സോജില പാസിൽ വച്ച് മനോജും സംഘവും സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് താഴ്ച്ചയിലേയ്ക്ക് മറിഞ്ഞത്. സംഭവസ്ഥലത്തു വച്ചുതന്നെ മനോജിന്റെ അയൽവാസികളായ നാല് പേരും കാർ ഡ്രൈവറായ കാശ്മീരി സ്വദേശിയും മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ മനോജ് ശ്രീനഗർ എസ്.കെ.ഐ.എം.എസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് ശനിയാഴ്ച്ച രാവിലെ മരണപ്പെട്ടത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം രാത്രി തന്നെ മൃതദേഹം വിമാനമാർഗ്ഗം നെടുമ്പാശ്ശേരിയിലെത്തിച്ചു. പുലർച്ചെ 3 മണിയ്‌ക്കെത്തിയ മൃതദേഹം 5.30 ഓടെ വീട്ടിലെത്തിച്ചു. പൊതുദർശനത്തിനു ശേഷം 8 മണിയോടെ മൃതദേഹം സുഹൃത്തുക്കളുടെ സംസ്കാര കർമ്മങ്ങൾ നടത്തിയ മന്ദക്കാട് ശ്മശാനത്തിൽ തന്നെ നടത്തുകയായിരുന്നു. മാധവനാണ് മരിച്ച മനോജിന്റെ അച്ഛൻ. അമ്മ: ഭാഗ്യവതി. സഹോദരി: മഞ്ജുഷ.