christmas-star

വടക്കഞ്ചേരി: ക്രിസ്മസ് ആഘോഷിക്കാൻ നക്ഷത്ര വിപണി സജീവമാകുന്നു. ഈ വർഷം ക്രിസ്മസ് അലങ്കാരത്തിനുള്ള നക്ഷത്രങ്ങളും പുൽക്കൂട്ടിൽ വയ്ക്കാനുള്ള വിവിധ രൂപങ്ങളും അലങ്കാരവസ്തുക്കളും നിരവധി മോഡലുകളാണ് വ്യാപാര സ്ഥാപനങ്ങളിൽ പ്രദർശിപ്പിച്ചു തുടങ്ങയത്. വിപണിയിൽ ക്രിസ്മസ് അപ്പൂപ്പന്റെ മുഖംമൂടികളും വേഷങ്ങളും വിൽപ്പനക്കെത്തിയിട്ടുണ്ട്. നക്ഷത്രവിപണിയിൽ നിറത്തിലും രൂപത്തിലും കൗതുകമുണർത്തുന്ന സ്റ്റാറുകളാണ് വിപണിയുടെ പ്രത്യേകത. പന്തിന്റെ രൂപത്തിലുമുള്ള നക്ഷത്രങ്ങളും ധാരാളമായി പ്രദർശിപ്പിച്ചിട്ടുണ്ട്. വിവിധ വലിപ്പത്തിലുള്ള ബഹുവർണ്ണ കടലാസ് നക്ഷത്രങ്ങളും തുണി കൊണ്ടുണ്ടാക്കിയ നക്ഷത്രങ്ങളിൽ തിളങ്ങുന്ന ബെൽറ്റുകളും ആനക്കൂടകളിലെതുപോലുള്ള മുത്തുകളും സീക്വൻസുകളും തൂങ്ങുന്ന തരത്തിൽ പകൽസമയത്ത് ആകർഷിക്കുന്ന രീതിയിലുള്ള നക്ഷത്രങ്ങളും വിപണിയിലെത്തിയിട്ടുണ്ട്. രാത്രി സമയങ്ങളിൽ ശ്രദ്ധയാകർഷിക്കുന്ന രീതിയിലുള്ള ബഹുവർണ്ണ എൽ.ഇ.ഡി ബൾബുകളുള്ള നക്ഷത്രങ്ങളും നക്ഷത്രങ്ങളിലെ ലൈറ്റുകളുടെ വേഗത കൂട്ടാനും കുറയ്ക്കാനും അതോടൊപ്പം ജിംഗിൾ ബെൽസ് സംഗീതം പൊഴിക്കുന്നവയും പുതുതായി വിപണിയിലെത്തിയിട്ടുണ്ട്. കൂടാതെ റെഡി മെയ്ഡ് പുൽക്കൂട്, ക്രിസ്മസ് ട്രീ, പുൽ കൂടിനകത്ത് സജ്ജീകരിക്കാനുള്ള തിരുപ്പിറവിയുടെയും ഉണ്ണിയേശുവിന്റെയും ഇടയന്മാരുടെയും രൂപങ്ങൾ, മണികൾ, സാന്താക്ലോസ് തൊപ്പികളും, കടകളിൽ പ്രദർശിപ്പിച്ച് വിപണി ആകർഷകമാക്കുന്നുണ്ട് വ്യാപാരികൾ. ഓരോ ഇനങ്ങളുടെയും വില വലുപ്പത്തിനും വർണ്ണത്തിനും അവയിൽ അടങ്ങിയിരിക്കുന്ന സംവിധാനങ്ങൾക്കും അനുസരിച്ചാണ് വിലയിട്ടിരിക്കുന്നത്. ക്രിസ്മസ് ആശംസകൾ നവ മാധ്യമങ്ങളിലേക്ക് മാറിയെങ്കിലും ക്രിസ്മസ് കാർഡുകളും കടകളിൽ ലഭ്യമാണ്.