pig
തിരുമിറ്റക്കാട് ഇരിങ്കൂറ്റൂർ പാടശേഖരത്തിൽ കാട്ടുപന്നികളിൽ നിന്ന് രക്ഷനേടാൻ കർഷകർ വെളുത്ത ചാക്കുകൾ നിവർത്തി വച്ചിരിക്കുന്നു.

പട്ടാമ്പി: നാഗലശേരി, തിരുമിറ്റക്കാട്, ചാലിശേരി പഞ്ചായത്തുകളിൽ മിക്കയിടങ്ങളിലും കാട്ടുപന്നികളെ കൊണ്ട് പൊറുതിമുട്ടി കർഷകർ. പന്നിശല്യത്തിൽ നിന്ന് രക്ഷനേടാൻ ചാക്ക് മറ കെട്ടിയും ആൾരൂപം തീർത്തും രാത്രി കാവലിരുന്നും കർഷകർ പരീക്ഷണം തുടരുകയാണ്. വലിയ സാമ്പത്തിക- സമയ നഷ്ടമാണ് പന്നിശല്യം മൂലമുണ്ടാകുന്നത്.

കഴിഞ്ഞ ദിവസം തിരുമിറ്റക്കോട് ഇരിങ്കുറ്റൂർ, രായമംഗലം ഭാഗത്തെ കർഷകരുടെ ഏക്കറു കണക്കിന് നെല്ല് പന്നികൾ കൂട്ടമായെത്തി നശിപ്പിച്ചു. മഴ രണ്ടുദിവസം അടുപ്പിച്ച് നിന്നാൽ നെൽച്ചെടി മുഴുവൻ വെള്ളത്തിലാവുന്ന സ്ഥിതിയാണിവിടെ. പന്നിശല്യം മൂലം ഇടവിള കൃഷിയും നടക്കില്ല.

കൃഷി നശിപ്പിക്കുന്ന പന്നികളെ കൊല്ലാമെന്ന ഉത്തരവുണ്ടെങ്കിലും ഏതാനും പഞ്ചായത്തുകളിൽ മാത്രമാണ് ഇതിനുള്ള ശ്രമം നടന്നത്. ചില പഞ്ചായത്തുകൾ പേരിന് ഒന്നോ രണ്ടോ തവണ പന്നികളെ പിടികൂടി. പദ്ധതിയിൽ ആവശ്യമായ ഫണ്ട് വകയിരുത്താത്തതും തോക്കുള്ളവരുടെ സേവനം കിട്ടാത്തതും പ്രതിസന്ധിയാണ്. വാർഷിക പദ്ധതികളിൽ ഇതിന് മതിയായ തുക വകയിരുത്തണമെന്ന ആവശ്യം ശക്തമാണ്.

തുരത്താൻ പരീക്ഷണം പലവിധം
പന്നികളെ തുരത്താൻ പാടങ്ങളിൽ വെളുത്ത തുണികളും ചാക്കുകളും വലിച്ച് കെട്ടുന്നതും ആൾരൂപം കുത്തിനാട്ടുന്നതും പതിവ് കാഴ്ചയാണ്. ഫിനോയിൽ മണം മൂലം ഇവ എത്തില്ലെന്നാണ് ചിലരുടെ വിശ്വാസം. അധികൃതർ കനിയാത്തിടത്തോളം കാലം പന്നി ശല്യമൊഴിവാക്കാൻ ഏതു പരീക്ഷണത്തിനും തയ്യാറാവേണ്ട സ്ഥിതിയാണ് കർഷകർക്ക്.

നഷ്ടപരിഹാരത്തിന് കാത്തിപ്പ്

കാട്ടുപന്നികൾ വിളവ് നശിപ്പിച്ചാൽ അക്ഷയ കേന്ദ്രത്തിൽ അപേക്ഷ നൽകി നഷ്ടപരിഹാരത്തിന് കാത്തിരുന്നാൽ കുറഞ്ഞ സംഖ്യയാണ് വനം വകുപ്പ് നൽകുന്നത്. വനം, കൃഷി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നഷ്ടപരിഹാരം ഉടൻ നൽകാനുളള സംവിധാനം വേണമെന്ന് കർഷകർ പറയുന്നു.


ഭാരതപ്പുഴയോട് ചേർന്നുള്ള പാടശേഖരങ്ങൾക്ക് സമീപം മുമ്പ് സമൃദ്ധമായി വാഴ കൃഷി ചെയ്തിരുന്നു. പന്നിശല്യം മൂലം വാഴ, ഇഞ്ചി, മഞ്ഞൾ, കൂർക്ക, മധുരക്കിഴങ്ങ് തുടങ്ങിയ കൃഷികളിൽ നിന്നെല്ലാം കർഷകർ പിന്മാറി.

പി.പി.ഗംഗാധരൻ, കർഷകൻ, രായമംഗലം.

രാപകൽ വ്യത്യാസമില്ലാതെയാണ് പന്നികൾ കൂട്ടമായെത്തുന്നത്. ഇവ കുത്തിമറിഞ്ഞും നിരങ്ങിയും ഏക്കറോളം നെൽകൃഷിയാണ് നശിപ്പിക്കുന്നത്.

സൽമാൻ എടപ്പറ്റ, കർഷകൻ, ഇരിങ്കൂറ്റൂർ.

പന്നികളെയും തെരുവ് നായ്ക്കളെയും ഭയന്ന് ഒറ്റയ്ക്ക് പാടത്തേക്ക് പോകാനാകില്ല. പന്നികളെ തുരത്താൻ എന്നും പാടത്ത് കാവലിരിക്കേണ്ട സ്ഥിതിയാണ്.

ഉണ്ണികൃഷ്ണൻ, സതീശൻ, സി.ബാലകൃഷ്ണൻ, കർഷകർ, മണക്കടവത്ത്.