
പാലക്കാട്: ധോണിയിലെ വനംവകുപ്പിന്റെ ആന പരിപാലന കേന്ദ്രത്തിലെ ശാന്തമായ അന്തരീക്ഷത്തിൽ ജീവിതത്തിലേക്ക് പിച്ചവെയ്ക്കുകയാണ് അട്ടപ്പാടിയിൽ കൂട്ടംതെറ്റിയ നിലയിൽ കണ്ടെത്തിയ ആറുമാസത്തിൽ താഴെ പ്രായമുള്ള കുട്ടിയാന.
അടി തെറ്റരുതെന്നും ഇനിയൊരു വീഴ്ചയുണ്ടാകരുതെന്നും പ്രാർത്ഥിച്ച് അമ്മ മനസുമായി ശാന്തി ഒപ്പമുണ്ട്. പാൽ കൊടുത്തും കളികളിൽ ഒപ്പം കൂടിയും വികൃതി കാണിച്ചാൽ ശാസിച്ചും അമ്മയുടെ റോളിൽ ശാന്തി തിരക്കിലാണ്. ഈ പരിചരണം തുടങ്ങിയിട്ട് 40 ദിവസത്തിലധികമായി. പലപ്പോഴും സ്‌നേഹാതിരേകമാണ് കുറുമ്പിയായ ആനക്കുട്ടിക്ക്. അപ്പോൾ ശാന്തിയുടെ അടുത്തെത്തി കുഞ്ഞുതുമ്പിക്കൈ ഉയർത്തി ചേർന്നുനിൽക്കും. ഇവളെ കൊണ്ടുവന്ന അന്നുതന്നെ പരിചരണത്തിനായി ഇവിടെ എത്തിയതാണ് ശാന്തി.
ദിവസവും രാവിലെയാണ് കുളി. രാവിലെയും വൈകിട്ടും നിശ്ചിത സ്ഥലത്ത് തുറന്നുവിടും, അതും ശാന്തിയുടെ കണ്ണെത്തും ദൂരത്ത് മാത്രം. നിലവിൽ പാൽ മാത്രമാണ് കൊടുക്കുന്നത്. ലാക്‌റ്റോജനും ഡോക്ടർ നിർദേശിച്ച മറ്റ് പോഷകങ്ങളും ഉൾപ്പെടുത്തിയ പാൽ നൽകുന്നതും പരിപാലിക്കുന്നതുമെല്ലാം ശാന്തി തന്നെ. ദിവസം 20 ലിറ്റർ പാൽ കുടിക്കും. ആന പരിപാലന കുടുംബത്തിൽ നിന്ന് വന്നതാണ് ശാന്തി. അതുകൊണ്ടു തന്നെ കാര്യങ്ങൾ എളുപ്പമാണ്.
ഒക്ടോബർ 31നാണ് അഗളി റേഞ്ചിലെ കുത്തനൊടി മേഖലയിൽ കണ്ടെത്തിയ കുട്ടിയാനയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ധോണിയിലെത്തിച്ചത്. അന്ന് പൊക്കിൾ കൊടിയിൽ മുറിവും അണുബാധയുമുണ്ടായിരുന്നു. ഡോ.ഡേവിഡ് എബ്രഹാമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. പുറമേയുള്ള മുറിവുകളെല്ലാം മാറി. വീഴ്ചയുടെ അവശത മാറി പൂർണ ആരോഗ്യം വീണ്ടെടുക്കുന്നതിനാണ് നിലവിൽ ശ്രദ്ധ നൽകുന്നത്.