f

വടക്കഞ്ചേരി: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വണ്ടാഴി വടക്കുമുറി സ്വദേശി ബിന്ദുവിനെ (42) മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. സംഭവത്തിൽ വണ്ടാഴി കമ്മാന്തറ രതീഷി (45) നെതിരെ മംഗലംഡാം പൊലീസ് കേസെടുത്തു. പരിക്കേറ്റ ബിന്ദുവിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ വണ്ടാഴി തെക്കേകാടുള്ള രതീഷിന്റെ റോൾഡ് ഗോൾഡ് നിർമ്മാണ യൂണിറ്റിൽ വച്ചാണ് സംഭവം. സ്ഥാപനത്തിലെ ജീവനക്കാരിയാണ് ബിന്ദു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് രതീഷ് ബിന്ദുവിനെ കസേരയും മറ്റും കൊണ്ട് ക്രൂരമായി മർദ്ദിക്കുകയും സമീപത്തുണ്ടായിരുന്ന മണ്ണെണ്ണ എടുത്ത് ദേഹത്തൊഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയുമായിരുന്നു. മറ്റ് ജോലിക്കാർ രതീഷിനെ തടഞ്ഞതിനെ തുടർന്ന് ബിന്ദു പുറത്തേക്കോടി രക്ഷപ്പെട്ടു. പരിക്കേറ്റ ബിന്ദുവിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2018ൽ സി.പി.എം വണ്ടാഴി ലോക്കൽ കമ്മിറ്റി ഓഫീസിൽ കയറി പ്രവർത്തകരെ വെട്ടിപരിക്കേല്പിച്ചതുൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയാണ് ആർ.എസ്.എസ് പ്രവർത്തകനായ രതീഷെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.