ഷൊർണൂർ: തകർന്ന് കിടന്നിരുന്ന കുളപ്പുള്ളി- പട്ടാമ്പി സംസ്ഥാന പാതയിലെ ടാറിംഗ് പ്രവൃത്തികൾ കഴിയുമ്പോഴും യാത്രക്കാർ ആശങ്കയിലാണ്. നിർമ്മാണം കഴിഞ്ഞാൽ ഉയർന്ന് നിൽക്കുന്ന റോഡിന്റെ അരികിലെ താഴ്ചയിൽ ഇരുചക വാഹനങ്ങൾ തെന്നി മറിഞ്ഞാൽ ദുരന്തം ഉറപ്പാണ്.
ടാറിംഗ് കഴിഞ്ഞുള്ള അരിക് വശം മണ്ണിട്ട് നികത്താൻ നടപടിയായിട്ടില്ല. ഇതോടെ കുളപ്പുള്ളി- പട്ടാമ്പി യാത്ര അപകടകരമാകും. അരികുവശം ഇതേ പടി നിലനിന്നാൽ ചെറിയ വാഹനങ്ങളിലെ യാത്രക്കാരാണ് ദുരന്തത്തിനിരയാകുക. മാത്രമല്ല അരികിടിഞ്ഞ് ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച റോഡ് മാസങ്ങൾക്കകം തകരാനും സാദ്ധ്യതയേറെ.
വളവുകളും തിരിവുകളും കയറ്റിറക്കങ്ങളുമുള്ള റോഡിൽ അതീവ ശ്രദ്ധയുണ്ടെങ്കിലേ അപകടമൊഴിവാക്കാനാകൂ. വാടാനാംകുറുശി റെയിൽവെ ഗേറ്റിൽ മിനിറ്റുകളോളം കുരുങ്ങിയ ശേഷം അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ കാൽനട യാത്രക്കാർക്കും ഭീഷണിയാണ്. വാടാനാംകുറുശി മേൽപ്പാല നിർമ്മാണം മുട്ടിലിഴയുകയാണ്. നിർമ്മാണ കാലാവധി കഴിഞ്ഞിട്ടും സ്പാൻ ഘടിപ്പിക്കൽ പോലും നടന്നില്ല.
ഡ്രൈനേജുകളില്ല
റോഡിന് ഇരുവശവും ഡ്രൈനേജ് നിർമ്മിച്ച് അരിക് നികത്തിയാലേ പാത നിർമ്മാണം ശാസ്ത്രീയമാകൂ. ഇപ്പോൾ അശാസ്ത്രീയമായ നിർമ്മാണമാണ് നടക്കുന്നത്. പെട്ടന്ന് പണി തീർക്കണമെന്ന രീതിയിലാണ് നിർമ്മാണമെന്ന ആക്ഷേപം ശക്തമാണ്.