
ചിറ്റൂർ: കുന്നങ്കാട്ടുപ്പതി പദ്ധതിയിൽ നിന്നും വാട്ടർ അതോറിറ്റി വിതരണം ചെയ്ത കുടിവെള്ളം ചളിയും മാലിന്യവും നിറഞ്ഞ കലക്ക വെള്ളെമെന്ന് പരാതി. കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി, നല്ലേപ്പിള്ളി തുടങ്ങിയ പഞ്ചായത്തുകളിൽ കഴിഞ്ഞ നാല് ദിവസങ്ങളായി വിതരണം ചെയ്തു വരുന്ന വെള്ളമാണ് മാലിന്യങ്ങൾ നിറഞ്ഞ് ഉപയോഗ്യമല്ലാതായിരിക്കുന്നത്. കുടിവെള്ളം ശുദ്ധീകരിക്കാതെ വിതരണം ചെയ്തത് വാട്ടർ അതോറിറ്റി അധികൃതരുടെ വീഴ്ചയാണെന്ന് ജനം കുറ്റപ്പെടുത്തി. മൂങ്കിൽ മടയിലെ ശുദ്ധീകരണ പ്ലാന്റിന്റെ പ്രവർത്തനം അടുത്ത കാലത്തായി താളം തെറ്റിയിരുന്നു. കഴിഞ്ഞ ദിവസം ഇതിന്റെ പ്രവർത്തനം പാടെ നിലച്ചു. പരാതി ഉയർന്നതിനെ തുടർന്ന് ശുദ്ധീകരിക്കാതെ തന്നെ നേരിട്ട് വീടുകളിലെ പൈപ്പുകളിൽ വെള്ളം എത്തുകയായിരു എന്നാണ് ആക്ഷേപം. ഈ വെള്ളം ചെളിയും മാലിന്യങ്ങളും നിറഞ്ഞതായിരുന്നു. കുളിക്കാൻ പോലും ഉപയോഗിക്കാൻ പറ്റാത്ത വിതം മാലിന്യങ്ങൾ നിറഞ്ഞതാണെന്ന് ഓരോ വീട്ടുകാരും പറയുന്നു. ഒന്നിടവിട്ട ദിവസങ്ങളിലാണ് വെള്ളം വിതരണം ചെയ്യുന്നത് എന്നതിനാൽ മിക്കവരും ടാങ്കുകളിലാണ് വെള്ളം ശേഖരിക്കുന്നത്. കലക്കവെള്ളമാണെന്ന് അറിയാതെ ഭൂരിപക്ഷം പേരും ടാങ്കുകൾ നിറച്ചു. തുറന്നു നോക്കിയപ്പോഴാണ് ചെളിവെള്ളമാണെന്ന് അറിയുന്നത്.
ഇനി ഇത്രയും വെള്ളം പാഴാക്കി ഒഴുക്കി കളയണം. ടാങ്കുകൾ പ്രത്യേകം കഴുകി വൃത്തിയാക്കിയെങ്കിൽ മാത്രമെ വെള്ളം വീണ്ടും ശേഖരിക്കാൻ കഴിയുകയുള്ളു. ഇത് പലർക്കും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സ്ഥിതിയാണ്. എന്നാൽ ശേഖരിച്ച വെള്ളത്തിനു മഴുവൻ വാട്ടർ അതോറിറ്റി ചാർജ് ഈടാക്കുകയും ചെയ്യും. ഫിൽറ്റർ ചെയ്യാതെയും ബ്ലീച്ചിംഗ് പൗഡർ ഇടാതെയും കുടിവെളളം വിതരണം ചെയ്യരുതെന്നാണ് നിയമമെങ്കിലും അധികൃതർ അതു പാലിക്കാതെയാണ് കുടിവെള്ളം വിതരണം നടത്തിയതെന്ന പരാതി ശക്തമാണ്.
ശുദ്ധീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ പുഴയിൽ ഒഴുകിയെത്തിയ വെള്ളം വളരെ കൂടിയ നിലയിൽ കലക്ക വെള്ളമായിരുന്നു. ഇത് പ്ലാന്റിലും ശുദ്ധീകരിക്കാൻ കഴിയാത്തത്ര ചെളി നിറഞ്ഞതായിരുന്നു. ഇതോടെ പ്ലാന്റിന്റെ പ്രവർത്തനം നിറുത്തി വച്ച് പ്ലാന്റ് ക്ലീൻ ചെയ്തു. ഇന്നലെ ശുദ്ധീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
---വാട്ടർ അതോറിറ്റി അധികൃതർ.