mvd

എറണാകുളത്ത് നിന്നുള്ള രേഖകളുടെ പ്രിന്റിംഗ് വൈകുന്നു

ആലത്തൂർ: മോട്ടോർ വാഹന വകുപ്പിന്റെ അനാസ്ഥ മൂലം വാഹനത്തിന്റെ പെരുമാറൽ, ലോൺ ക്ലോസ് ചെയ്യൽ, ഡ്യൂപ്ലിക്കേറ്റ് ആർ.സി ബുക്ക് തുടങ്ങിയ രേഖകൾ കൈയിൽ കിട്ടാൻ അപേക്ഷകർ മാസങ്ങൾ നീണ്ട കാത്തിരിപ്പിൽ.

കഴിഞ്ഞ മാസം നൽകിയ അപേക്ഷകളിൽ ഇതുവരെ ആർ.സി ബുക്ക് പ്രിന്റിംഗ് നടന്നിട്ടില്ല. കൊട്ടിഘോഷിച്ച് വന്ന സ്മാർട്ട് കാർഡ് അപേക്ഷക്കായി ആർ.സി ബുക്കിനും ഡ്രൈവിംഗ് ലൈസെൻസിനും 200 രൂപ വീതം ഫീസീടാക്കുന്നുണ്ട്. കൂടാതെയാണ് സർവീസ് ചാർജ് ഇനത്തിലെ മറ്റു ചിലവുകളും. വാഹനം പേര് മാറുന്ന ആൾ ട്രാൻസ്ഫർ ഓണർഷിപ്പ് ഫീസ് 150 രൂപയും പ്ലാസ്റ്റിക് കാർഡ് ഫീസ് 200 രൂപയും സർവീസ് ചാർജ് 35 രൂപയും പോസ്റ്റൽ ഫീസ് 45 രൂപയും നൽകണം. നടപടികൾ തീർത്ത് അതത് ആർ.ടി.ഒ ഓഫീസിൽ നിന്ന് പ്രിന്റിംഗ് സെന്ററിലേക്ക് അയച്ച് കഴിഞ്ഞാൽ സർവീസ് നൽകിയ ഓഫീസിന് യാതൊരു ഉത്തരവാദിത്വവുമില്ല. മാത്രമല്ല, പൊതുജനത്തെ സഹായിക്കാനും കഴിയില്ല.

നിലവിൽ നവംബർ 26 മുതലുള്ള ആർ.സി ബുക്ക് പ്രിന്റിംഗ് പെൻഡിംഗാണെന്നാണ് വകുപ്പിന്റെ വെബ്‌സൈറ്റിൽ കാണിക്കുന്നത്. എറണാകുളം തേവരയിലുള്ള പ്രിന്റിംഗ് സെന്ററിൽ നിന്നാണ് ഇവ പ്രിന്റ് ചെയ്ത് അയക്കുന്നത്. അവിടേയ്ക്ക് വിളിച്ചാൽ നമ്പർ തിരക്കിലാണെന്നാണ് ഉത്തരം ലഭിക്കുക. ആഴ്ചകളായി ഓരോ രേഖകൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണം കൂടുകയാണ്.

രാപകൽ വ്യത്യാസമില്ലാതെ ജോലി നോക്കുന്ന ആർ.ടി.ഒ,​ ജോ.ആർ.ടി.ഒ ഓഫീസ് ജീവനക്കാരും ഉദ്യോഗസ്ഥരുമാണ് പ്രിന്റിംഗ് വൈകുന്നതിന്റെ പേരിൽ പഴി കേൾക്കുന്നത്.