seminar

വിദ്യാർത്ഥികൾക്ക് ആവേശമായി 'കേരളകൗമുദി സക്സസ് മന്ത്ര" വിദ്യാഭ്യാസ സെമിനാർ

മണ്ണാർക്കാട്: ജീവിത വിജയത്തിന് വിദ്യാഭ്യാസ കാലത്തെ പരീക്ഷകളെ മാത്രമല്ല, ദൈനംദിന ജീവിതത്തിലെ പരീക്ഷണങ്ങളെയും ആത്മവിശ്വാസത്തോടെ നേരിടാനുള്ള മാനസിക കരുത്ത് നേടാൻ വിദ്യാർത്ഥി സമൂഹത്തിന് കഴിയണമെന്ന് മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് എം.ഷഫീഖ് പറഞ്ഞു. കേരളകൗമുദിയും സൂര്യ ഗോൾഡ് ലോണും സംയുക്തമായി കല്ലടി എച്ച്.എസ്.എസിൽ നടത്തിയ 'സക്സസ് മന്ത്ര" വിദ്യഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവിത വിജയത്തിന് പുസ്തകത്തിലെ വിഷയങ്ങൾക്കപ്പുറമുള്ള അറിവ് നേടാൻ വിദ്യാർത്ഥികൾ ശ്രമിക്കണം. കേരളകൗമുദി സംഘടിപ്പിച്ച 'സക്സസ് മന്ത്ര" പോലുള്ള സെമിനാറുകൾ വിദ്യാർത്ഥികൾ വലിയ രീതിയിൽ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറ‍ഞ്ഞു.

പ്രിൻസിപ്പൽ ഷഫീഖ് എം.റഹ്മാൻ അദ്ധ്യക്ഷനായി. പ്രമുഖ സൈക്കോളജിസ്റ്റ് സമീറ ഷിബു ക്ലാസെടുത്തു. എസ്.കുമാർ ഹോമിയോപ്പതി ക്ലിനിക്കിലെ ഡോ.ശശികുമാർ, റെഡ് നോക്ക് എൻജിൻ ഓയിൽ ഡയറക്ടർമാരായ ഹരി നായർ, എൻ.ആർ.സ്മിത എന്നിവർക്കുള്ള കേരളകൗമുദിയുടെ ഉപഹാരം ഡിവൈ.എസ്.പി ഫിറോസ് എം.ഷഫീഖ് സമ്മാനിച്ചു.

സ്കൂൾ മാനേജർ കെ.സി.കെ.സയ്യിദ് അലി, പ്രധാനാദ്ധ്യാപിക എം.എൻ.ഷാജിനി, കേരളകൗമുദി റിപ്പോർട്ടർ കൃഷ്ണദാസ് കൃപ, മാർക്കറ്റിംഗ് മാനേജർ സുമോദ് കാരാട്ടുതൊടി എന്നിവർ സംസാരിച്ചു.

ദൗർബല്യം തിരിച്ചറിയണം, മറികടക്കണം: സമീറ ഷിബു

സ്വന്തം ദൗർബല്യങ്ങളും കുറവുകളും തിരിച്ചറിഞ്ഞ് അത് മറികടക്കാനുള്ള ശ്രമം നടത്തുന്നവർക്ക് പഠനത്തിലും ജീവിതത്തിലും ഒരുപോലെ വിജയിക്കാനാകുമെന്ന് സൈക്കോളജിസ്റ്റ് സമീറ ഷിബു പറഞ്ഞു. സെമിനാറിൽ ക്ലാസെടുക്കുകയായിരുന്നു അവർ.

തങ്ങളുടെ മാനസികമായും ശാരീരികവുമായ ബുദ്ധിമുട്ട് മാതാപിതാക്കളുമായും അദ്ധ്യാപകരുമായും കുട്ടികൾ എപ്പോഴും പങ്കുവയ്ക്കണം. അവർ നൽകുന്ന മാർഗനിർദേശം ഉൾപ്പെടെ കണക്കിലെടുക്കണം. പഠനകാലം ചിട്ടയായ രീതിയിൽ ക്രമപ്പെടുത്തിയാൽ കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാൻ കഴിയുമെന്നും അവർ പറഞ്ഞു.