magalam-palam
മംഗലം പാലം

ആലത്തൂർ: മിനി പമ്പ എന്നറിയപ്പെടുന്ന മംഗലം പാലം അനധികൃത കച്ചവടക്കാരുടെ ഇടത്താവളമാകുന്നു. അന്യസംസ്ഥാന അയ്യപ്പന്മാരുടെയും പഴനി യാത്രക്കാരുടെയും മറ്റു വാഹന യാത്രക്കാരുടെയും ഇടത്താവളമാണിത്.

ഏകദേശം 10 വർഷത്തിലധികമായി ദേശീയ പാതാ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ റോഡിന്റെ ഇരുവശവും അനധികൃതമായി കൈയേറി ഷെഡ് കെട്ടി വാടകയ്ക്ക് കൊടുക്കാൻ തുടങ്ങിയിട്ട്. ശബരിമല സീസണിൽ വഴിയോര കച്ചവടം നടത്തുന്നതിനാൽ അഡ്വാൻസും വാടകയും വൻതുകയാണ്.

ഡിസംബർ ഏഴിന് ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥ സംഘം ജെ.സി.ബി ഉപയോഗിച്ച് കൈയേറ്റം ഒഴിപ്പിക്കാൻ വന്നിരുന്നു. എന്നാൽ ജനജാഗ്രതാ സമിതിയുടെ ഇടപെടൽ മൂലം 15 ദിവസം നടപടി നിറുത്തിവച്ചു. തുടർന്ന് ജില്ല കളക്ടർ, മുഖ്യമന്ത്രി, ഗതാഗത മന്ത്രി, മനുഷ്യാവകാശ കമ്മിഷൻ, പഞ്ചായത്ത് എന്നിവർക്ക് നേരിൽ പരാതി സമർപ്പിച്ചു. ഇതോടെ വഴിയോര കച്ചവടക്കാർക്ക് താൽക്കാലിക ലൈസൻസ് നൽക്കാൻ ധാരണയായി.

പരാതിയുമായി ജനജാഗ്രതാ സമിതി

ശബരിമല സീസണിൽ മാത്രം ലക്ഷക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്ന കേന്ദ്രമാണിത്. താൽകാലിക ഷെഡ് സ്വന്തമായി കച്ചവടം നടത്താനല്ലാതെ വാടകയ്ക്ക് നൽകുന്നവരുടെ പേരിൽ കേസെടുക്കാൻ തയ്യാറാവണം. അല്ലാത്തപക്ഷം ഷെഡ് പൊളിച്ചു മാറ്റണം. ഇത്തരം കേന്ദ്രങ്ങൾ മയക്കുമരുന്ന് വില്പന കേന്ദ്രങ്ങളായും മാറുന്നുയെന്ന് ചൂണ്ടിക്കാട്ടി ജനജാഗ്രതാ സമിതി ജന.സെക്രട്ടറി കെ.എ.അബ്ദുൾ റസാഖ് അധികൃതർക്ക് പരാതി നൽകി.