
മുതലമട: നിരോധിച്ച പുകയില ഉൽപ്പന്നങ്ങളുടെ കേന്ദ്രമായി മുതലമട മാറുന്നു. അതിർത്തി പ്രദേശമായ ഗോവിന്ദാപുരം, മീനാക്ഷിപുരം, മുതലമടയിലെ അടവുമരം തുടങ്ങിയ ഇടങ്ങളിൽ ഇവയുടെ വിൽപ്പന ഉണ്ടെന്നാണ് നിഗമനം. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന അതിഥി തൊഴിലാളികൾ മൊത്തമായും അതിർത്തി പ്രദേശങ്ങളിലും തമിഴ്നാട് ഭാഗത്തും ജോലിക്ക് പോകുന്നവർ ഇതിന്റെ ചില്ലറ വില്പനയും നടത്തുന്നതായി സൂചന കിട്ടിയതായി നാട്ടുകാർ പറയുന്നു. സ്ഥിരമായി വാങ്ങുന്നവർക്ക് മാത്രമേ സാധനം കൊടുക്കുകയുള്ളൂ എന്നും ചിലതിന് പ്രത്യേക കോഡുകൾ പറയണം എന്നുമാണ് അറിയുന്നത്. മരുന്ന്, എച്ച്, പില്ലോ എന്നിങ്ങനെയാണ് കോഡുകൾ. അപരിചിതർ ചോദിച്ചാൽ ഇല്ലെന്നാണ് മറുപടി.
മുതലമട പഞ്ചായത്ത് അതിർത്തി പ്രദേശമായതിനാൽ അന്യസംസ്ഥാനങ്ങളിൽ നിന്നുമാണ് ലഹരി വസ്തുക്കൾ കൂടുതലായും എത്തുന്നത്. ഗോവിന്ദാപുരം അതിർത്തിയിലും മീനാക്ഷിപുരത്തും തമിഴ്നാട്ടിലെ മദ്യശാലകൾക്ക് പരിസരത്തും ഇവ കുറഞ്ഞ വിലയിൽ ലഭ്യമാകുന്നുണ്ട്. കൊല്ലങ്കോട്, ചിറ്റൂർ, മുതലമട, കൊഴിഞ്ഞാമ്പാറ തുടങ്ങിയിടങ്ങളിലെ ആളുകൾ കേരളത്തിലെ മദ്യശാലകൾ അവധി ദിവസങ്ങളിൽ മദ്യം വാങ്ങാനായി ഗോവിന്ദപുരത്തും മീനക്ഷിപുരത്തുമാണ് എത്താറുള്ളത്.
കൊല്ലങ്കോട് കടകളുടെ ലൈസൻസ് റദ്ദാക്കി
കൊല്ലങ്കോട് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകൾ പാരൻസ് കോഡിനേഷൻ ഫോറത്തിന്റെ പരാതിയെ തുടർന്ന് അന്വേഷണം നടത്തി കണ്ടെത്തുകയും അവയുടെ ലൈസൻസ് റദ്ദാകുകയും ചെയ്തിരുന്നു. അന്യസംസ്ഥാന തൊഴിലാളികളും യുവാക്കളും വിദ്യാർത്ഥികളുമാണ് ഈ ഉൽപ്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പാരൻസ് കോഡിനേഷൻ ഫോറം രേഖാമൂലം പരാതി നൽകിയത്.
നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് തടയേണ്ടത് നാമോരുത്തരുടെയും കടമയാണ്. പുതുതലമുറയെ ലഹരിയിൽ നിന്നും പിന്തിരിപ്പിക്കേണ്ടതാണ്. അതിനായി സ്‌കൂൾ, കോളേജ് തലത്തിലും പൊതു സമൂഹത്തിലും ക്യാമ്പയിനുകൾ സെമിനാറുകൾ ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിച്ച് ലഹരിയ്‌ക്കെതിരെ പോരാടണം.
എ.സുധീഷ് പരുവക്കുളം, യുവജനതാദൾ (എസ്) മുതലമട പഞ്ചായത്ത് കമ്മറ്റി അംഗം.