
നെല്ലിയാമ്പതി: ചുരംപാതയിൽ മണ്ണിടിഞ്ഞ ഭാഗത്ത് നിർമ്മിക്കുന്ന കോൺക്രീറ്റ് ഭിത്തിയുടെ നിർമ്മാണം നീണ്ടു പോകുന്നു. ഇതോടെ നെല്ലിയാമ്പതിയിലെ ടൂറിസം മേഖല ആശങ്കയിലായിരിക്കുന്നു. ചുരംപാതയിലൂടെ വലിയ ബസുകൾ കടത്തി വിടാത്തതിനാൽ അയൽ ജില്ലകളിൽ നിന്നെത്തുന്ന വിനോദസഞ്ചാരികൾ പോത്തുണ്ടി ചെക്ക് പോസ്റ്റിൽ വന്ന് മടങ്ങുന്ന സ്ഥിതിയാണ്.
ക്രിസ്മസ് അവധിക്കു മുൻപ് സംരക്ഷണഭിത്തി നിർമ്മാണം പൂർത്തിയാക്കി വലിയ വാഹനങ്ങൾ കടന്നുവരാൻ സൗകര്യമൊരുക്കിയില്ലെങ്കിൽ നെല്ലിയാമ്പതിയിലെ വിനോദ സഞ്ചാരമേഖലയ്ക്കും തിരിച്ചടിയാകും.
നെല്ലിയാമ്പതിയിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് മണ്ണിടിഞ്ഞ ഭാഗത്ത് ആളെ ഇറക്കി മറുഭാഗം കടന്ന് ആളെ കയറ്റിയാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.
നവംബർ 22-നാണ് ചുരംപാതയിലെ ചെറുനെല്ലി ഇരുമ്പുപാലത്തിന് സമീപത്തായി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ പാതയുടെ അടിവശത്തെ മണ്ണിടിഞ്ഞുവീണ് വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയായത്. പിന്നീട് മഴ പെയ്തപ്പോൾ വീണ്ടും മണ്ണിടിച്ചിലുണ്ടായതോടെ ഭാരവാഹനങ്ങൾക്കും നെല്ലിയാമ്പതിയിലേക്ക് നിയന്ത്രണമേർപ്പെടുത്തി.
വാഹനങ്ങളെ നിയന്ത്രിച്ചാൽ നിർമ്മാണം പൂർത്തിയാകുമെന്ന്
നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരികളുടെ സീസണായതിനാൽ നിരവധി ചെറുവാഹനങ്ങൾ ചുരം പാത കയറിവരുന്നത് തുടർച്ചയായുള്ള നിർമ്മാണത്തെ ബാധിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു. വാഹനങ്ങളെ നിയന്ത്രിച്ചാൽ 10 ദിവസത്തിനകം കോൺക്രീറ്റ് ഭിത്തി നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പൊതുമരാമത്തുവകുപ്പ് അധികൃതർ പറയുന്നത്.