
ആലത്തൂർ: വി.എഫ്.പി.സി.കെ.യുടെ കീഴിലുള്ള ആലത്തൂരിലെ യൂണിറ്റിലെ വിത്തുല്പാദന കേന്ദ്രത്തിലെ തൊഴിലാളികൾക്ക് ഒറ്റത്തവണയായി ശമ്പളം ലഭിച്ചു.
രണ്ടരക്കോടി രൂപ ലാഭം കൊയ്യുന്ന വി.എഫ്.പി.സി.കെയിലെ താഴെത്തട്ടിലുള്ള തൊഴിലാളികൾക്ക് മാസത്തിൽ രണ്ടുതവണയായാണ് ശമ്പളം നൽകിയിരുന്നത്. 20 വർഷമായി ജോലി ചെയ്യുന്ന തൊഴിലാളികളെ സർക്കാർ സർവീസിലെ കണ്ടിൻജൻസി ജീവനക്കാർക്ക് തുല്യമായാണ് പരിഗണിക്കുന്നത്. 'കേരളകൗമുദി" നൽകിയ വാർത്ത സ്ഥലം എംഎൽ.എയുടെയും മുൻ കൃഷി മന്ത്രി സുനിൽകുമാറിന്റെയും ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി.
സംഭവത്തിൽ ചർച്ച നടത്തുമെന്നും വിശദമായി പഠിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. താഴെത്തട്ടിലുള്ള തൊഴിലാളികൾ ഒഴികെ മറ്റു ജീവനക്കാർക്ക് ഇപ്പോഴും കഴിഞ്ഞമാസത്തെ ശമ്പളം നൽകിയിട്ടില്ല. ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറയുന്നത്.
താഴെത്തട്ടിലുള്ള തൊഴിലാളികളുടെ തസ്തിക പുനർനിർണയത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. അധികൃതരും വകുപ്പ് മന്ത്രിയും ഉൾപ്പെടെ ഇടപെട്ട് പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.