follow-up
മോട്ടോർ വാഹന വകുപ്പിൽ നിന്നുള്ള രേഖകൾ വൈകുന്നത് സംബന്ധിച്ച് കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച വാർത്ത

ആലത്തൂർ: മോട്ടോർ വാഹന വകുപ്പിൽ നിന്ന് രേഖകൾ ലഭിക്കാൻ താമസം നേരിടുന്നത് എറണാകുളം തേവരയിലെ പ്രിന്റിംഗ് സെന്ററിലേക്കുള്ള പി.വി.സി കാർഡ് നൽകുന്ന കമ്പനിക്ക് നൽകാനുള്ള കുടിശിക മൂലമെന്ന് അധികൃതർ. വകുപ്പിൽ നിന്ന് ലഭിക്കേണ്ട രേഖകൾ മാസങ്ങളായി വൈകുന്നത് ചൂണ്ടിക്കാട്ടി ഇന്നലെ 'കേരളകൗമുദി" പ്രസിദ്ധീകരിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു വകുപ്പ് ഉദ്യോഗസ്ഥർ.

ആർ.സി ബുക്കിലെ പേര് മാറുന്നതിനും ലോൺ ക്ലോസ് ചെയ്യുന്നതിനും ഡ്യൂപ്ലിക്കേറ്റ്‌ ആർ.സിക്കുമെല്ലാം അപേക്ഷ നൽകിയവർ രേഖകൾ ലഭിക്കാൻ അനന്തമായി കാത്തിരിക്കുകയാണ്. ഓരോ വ്യക്തികളിൽ നിന്നും പി.വി.സി കാർഡിന്‍ 200 രൂപയാണ് വകുപ്പ് ഈടാക്കുന്നത്.

ഭീമമായ കുടിശിക മൂലം പി.വി.സി കാർഡ് നൽകുന്ന കമ്പനി വിതരണം നിറുത്തിയതിനാലാണ് നവംബർ അവസാനത്തോടെ ലൈസൻസും ആർ.സി ബുക്കും പ്രിന്റ് ചെയ്യുന്നത് മുടങ്ങിയത്. സർക്കാരിൽ നിന്ന് കുടിശികയായി നൽകാനുള്ള തുക ഇതുവരെ മോട്ടോർ വാഹന വകുപ്പിന് അനുവദിച്ചിട്ടില്ല. എത്രയും വേഗം കുടിശിക തീർക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷനറേറ്റ് അറിയിച്ചു.