abdul-khader

പാലക്കാട്: ജില്ലാ പഞ്ചായത്ത് ഡിവിഷൻ അടക്കം ജില്ലയിലെ ആറ് തദ്ദേശ സ്ഥാപനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേട്ടം. നാലിടത്ത് യു.ഡി.എഫും ഓരോ സീറ്റുകളിൽ വീതം എൽ.ഡി.എഫും ബി.ജെ.പിയും വിജയം കണ്ടു.

ജില്ലാ പഞ്ചായത്ത് വാണിയംകുളം ഡിവിഷൻ എൽ.ഡി.എഫ് നിലനിറുത്തി. 10,207 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി.പി.എമ്മിലെ സി.അബ്ദുൾ ഖാദർ വിജയിച്ചു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് കണ്ണോട് ഡിവിഷൻ യു.ഡി.എഫ് വിട്ടുകൊടുത്തില്ല. കോൺഗ്രസിലെ പ്രത്യുഷ്‌കുമാർ ജയിച്ചു കയറി. ഭൂരിപക്ഷം 1,549 വോട്ട്. ഒറ്റപ്പാലം നഗരസഭയിലെ പാലാട്ട് റോഡ് വാർഡ് ബി.ജെ.പി നിലനിറുത്തി. 192 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സ്ഥാനാർത്ഥിയായ സഞ്ചുമോൻ വിജയിച്ചു. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 131 ആയിരുന്നു.

പട്ടിത്തറ പഞ്ചായത്ത് തലക്കശേരി വാർഡ് എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. 142 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ സി.പി.മുഹമ്മദ് വിജയിച്ചു. വടക്കഞ്ചേരി അഞ്ചുമൂർത്തി വാർഡിൽ എൽ.ഡി.എഫിന്റെ സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു. കോൺഗ്രസ് സ്ഥാനാർത്ഥി ജി.സതീഷ്‌കുമാർ 325 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. തിരുമിറ്റക്കോട് പഞ്ചായത്ത് പള്ളിപ്പാടം വാർഡ് യു.ഡി.എഫ് നിലനിറുത്തി. കോൺഗ്രസിലെ എം.കെ.റഷീദ് തങ്ങൾ 93 വോട്ടിന്റെ ഭൂരിപക്ഷം നേടി.

വാണിയംകുളം ഡിവിഷനിൽ സി.പി.എമ്മിലെ സി.അബ്ദുൾ ഖാദർ 18,263 വോട്ടും കോൺഗ്രസിലെ എം.പി.പ്രേംകുമാർ 8,056 വോട്ടും ബി.ജെ.പിയിലെ എൻ.മണികണ്ഠൻ 6,263 വോട്ടുമാണ് നേടിയത്. സി.പി.എം ഒറ്റപ്പാലം ഏരിയ കമ്മിറ്റി അംഗമാണ് അബ്ദുൾ ഖാദർ. കഴിഞ്ഞ തവണ രണ്ടാമതെത്തിയ ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാർട്ടി ഷൊർണൂർ മണ്ഡലം പ്രസിഡന്റ് കൂടിയാണ് ബി.ജെ.പി സ്ഥാനാർത്ഥിയായ എൻ.മണികണ്ഠൻ. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന സി.പി.എമ്മിലെ പി.കെ.സുധാകരന്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

മലമ്പുഴ ബ്ലോക്ക് കണ്ണോട് ഡിവിഷനിൽ കോൺഗ്രസിലെ ജി.പ്രത്യുഷ്‌കുമാർ 4,571 വോട്ടും സി.പി.ഐയിലെ സുഭാഷ് രാജൻ 3,022 വോട്ടും ബി.ജെ.പിയിലെ വി.ശശി 1,495 വോട്ടും കരസ്ഥമാക്കി. ഒറ്റപ്പാലം പാലാട്ട് റോഡ് വാർഡിൽ ബി.ജെ.പിയുടെ പി.സഞ്ചുമോൻ 361 വോട്ടും സി.പി.ഐ.എമ്മിലെ നാരായണൻ നമ്പൂതിരി 169 വോട്ടും കോൺഗ്രസിലെ സി.കെ.രാധാകൃഷ്ണൻ മേനോൻ 77 വോട്ടും നേടി. ബി.ജെ.പി അംഗമായിരുന്ന അഡ്വ.കൃഷ്ണകുമാറിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

പട്ടിത്തറ തലക്കശേരിയിൽ കോൺഗ്രസിലെ സി.പി.മുഹമ്മദ് 554 വോട്ടും സി.പി.ഐ.എമ്മിലെ ബിനി 412 വോട്ടും ബി.ജെ.പിയിലെ പി.കെ.വിപിൻ 100 വോട്ടും നേടി. പതിറ്റാണ്ടുകളായി സി.പി.എം ജയിച്ചു വന്ന സീറ്റിലാണ് കോൺഗ്രസ് അട്ടിമറി വിജയം നേടിയത്. വടക്കഞ്ചേരി അഞ്ചുമൂർത്തിയിൽ കോൺഗ്രസിലെ ജി.സതീഷ്‌കുമാർ 656 വോട്ടും സി.പി.എമ്മിലെ എം.കെ.വിനോദ് 331 വോട്ടും ബി.ജെ.പിയിലെ എൻ.സനിൽ 12 വോട്ടുമാണ് കരസ്ഥമാക്കിയത്. തിരുമിറ്റക്കോട് പള്ളിപ്പാടത്ത് കോൺഗ്രസിലെ എം.കെ.റഷീദ് തങ്ങൾ 600 വോട്ടും സി.പി.എമ്മിലെ എം.വി.സൈതലവി 507 വോട്ടും നേടി.