
ഷൊർണൂർ: ഷൊർണൂർ ടൗൺ, കുളപ്പുള്ളി ടൗൺ എന്നിവിടങ്ങളിൽ റോഡ് വശത്ത് ബൈക്കുകൾ വരി വരിയായി പാർക്ക് ചെയ്യുന്ന രീതി അവസാനിപ്പിക്കാൻ അന്ത്യശാസനം നൽകിയ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ ഉത്തരവിന് പുല്ല് വില. അതേ സ്ഥലങ്ങളിൽ പതിവു പോലെ രാവിലെ മുതൽ തന്നെ ബൈക്കുകൾ നിര നിരയായി നിർത്തുന്നത് തുടരുന്നു. പുറത്തിറക്കിയ ഉത്തരവിൽ മേൽ പൊലീസും നടപടിയെടുത്തിട്ടില്ല. നാല് ദിവസം മുമ്പാണ് നഗരസഭാ ചെയർമാൻ ഉൾപെടുന്ന റഗുലേറ്ററി കമ്മിറ്റി ഷൊർണൂരിലെ വ്യാപാരികളുടെ പരാതികളെ തുടർന്ന് പൊലീസുമായി ചേർന്ന് നടപടിക്കൊരുങ്ങിയത്. എന്നാൽ ബദൽ സംവിധാനമൊരുക്കാതെ എടുത്ത തീരുമാനം ബൈക്ക് യാത്രക്കാർ തള്ളിക്കളയുകയായിരുന്നു.
ബദൽ സംവിധാനമില്ല
പാർക്കിംഗ് കാര്യത്തിൽ വീർപ്പുമുട്ടുകയാണ് ഷൊർണൂർ ടൗൺ. നിലവിൽ ഷൊർണൂരിൽ വാഹന പാർക്കിംഗിന് യാതൊരു സംവിധാനവുമില്ല. നഗരസഭാ അധികൃതർ വർഷങ്ങളായി വാഹന പാർക്കിംഗിനെ പറ്റി യാതൊരു നടപടികളും കൈകൊണ്ടിട്ടില്ല. റെയിൽവേ പാർക്കിംഗ് സംവിധാനം കാര്യക്ഷമമാണ്. ടൗണിലെത്തിയാൽ എല്ലാം തോന്നും പടിയാണ്. വാഹനങ്ങൾ എവിടെ വേണമെങ്കിലും നിർത്താം.
പാർക്കിംഗിൽ ബുദ്ധിമുട്ടി വ്യാപാര സ്ഥാപനങ്ങൾ
വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിൽ നിര നിരയായി നിർത്തുന്ന ഇരുചക്ര വാഹനങ്ങൾ ഷൊർണൂരിലെ വ്യാപാരികൾക്ക് എന്നും പ്രശ്നമാണ്. കച്ചവടാവശ്യത്തിനായി വരുന്നവർക്ക് സ്ഥാപനത്തിന് മുന്നിൽ വാഹനം നിർത്താൻ പറ്റാത്ത അവസ്ഥയാണ്. എന്നാൽ കർശന നടപടിക്ക് തുനിയാൻ അധികൃതർക്ക് കഴിയുന്നുമില്ല.
ബസ് സ്റ്റാൻഡുകൾ പാർക്കിംഗ് കേന്ദ്രങ്ങളാകുന്നു
കുളപ്പുള്ളി ടൗണും, ബസ് സ്റ്റാൻഡും ഇപ്പോൾ ബൈക്ക്, കാർ, ടൂറിസ്റ്റ് വാഹനങ്ങൾ എന്നിവയുടെ പാർക്കിംഗ് കേന്ദ്രമാണ്. ഒറ്റ ബസുകളും സ്റ്റാൻഡിൽ കയറുന്നില്ല. നടപടിയെടുക്കേണ്ട ഷൊർണൂർ നഗരസഭ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. കുളപ്പുള്ളി ബസ് സ്റ്റാൻഡിൽ ബസ് കയറാൻ ടൈം റിവേഴ്സ് ചെയ്യണമെന്ന് വാശി പിടിക്കുന്ന ബസുടമകൾ സ്റ്റാൻഡിന് പുറത്ത് ഒന്നും, രണ്ടും മിനിറ്റ് രണ്ടിടത്തായി നിർത്തുന്നത് കാണാതെ പോകുന്നു. ഈ സമയം മതി ബസുകൾക്ക് സ്റ്റാൻഡിൽ കയറി പോകാൻ. എന്നാൽ ഇക്കാര്യത്തിൽ നടപടി എടുക്കാതെ ബസുടമകളുടെ ന്യായവാദത്തിനു മുന്നിൽ ഉത്തരംമുട്ടി നിൽക്കുകയാണ് നഗരസഭ.