train
നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി എക്സ്‌പ്രസ് ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിലെ തിരക്ക്.

പട്ടാമ്പി: നിലമ്പൂർ- ഷൊർണൂർ പാതയിലെ യാത്രക്കാരോടുള്ള റെയിൽവേയുടെ അവഗണന ഇപ്പോഴും തുടരുന്നു. അടുത്തകാലത്ത് സംസ്ഥാനത്തെ നിരവധി ട്രെയിനുകളിൽ ഒന്നുമുതൽ മൂന്നുവരെ കോച്ചുകൾ വർദ്ധിപ്പിച്ചപ്പോളും തിരക്കേറിയ നിലമ്പൂർ പാതയിലെ ട്രെയിനുകളെ അവഗണിച്ചു.

നിലമ്പൂർ റൂട്ടിലോടുന്ന ഏക ദീർഘദൂര ട്രെയിനായ തിരുവനന്തപുരത്തേക്കുള്ള രാജ്യറാണി എക്സ്‌പ്രസിലെങ്കിലും ഒരു കോച്ച് വർദ്ധിപ്പിക്കണമെന്ന യാത്രക്കാരുടെയും വിവിധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും വർഷങ്ങളായുള്ള ആവശ്യം റെയിൽവേ ഇതുവരെ മുഖവിലയ്ക്കെടുത്തിട്ടില്ല.

കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിൽ രാജ്യത്തെ നിരവധി ട്രെയിനുകളിൽ ബോഗികൾ വർദ്ധിപ്പിച്ചപ്പോഴും രാജ്യറാണിയിൽ ഒരു കോച്ച് പോലും കൂട്ടിച്ചേർത്തില്ല. താരമ്യേന ദൂരം കുറഞ്ഞ തിരുവനന്തപുരം- എറണാകുളം വഞ്ചിനാട് എക്സ്‌പ്രസ്, എറണാകുളം- കണ്ണൂർ ഇന്റർസിറ്റി, കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് തിരുവനന്തപുരം- ഷൊർണൂർ വേണാട് എക്സ്‌പ്രസുകളിൽ വരെ ബോഗികൾ വർദ്ധിപ്പിച്ചു.

നിലമ്പൂരിൽ നിന്നേ നിറയും ജനറൽ കോച്ച്

രാജ്യറാണി നിലമ്പൂർ നിന്ന് പുറപ്പെടുമ്പോൾ തന്നെ ആകെയുള്ള രണ്ട് അൺറിസർവ്ഡ് സെക്കൻഡ് ക്ലാസ് കോച്ചുകളിൽ സീറ്റുകൾ നിറഞ്ഞ ശേഷം ലഗേജ് ബർത്തുകളിൽ വരെ യാത്രക്കാർ ഇരുപ്പുറപ്പിച്ചിരിക്കും. അങ്ങാടിപ്പുറം എത്തുന്നതോടെ അകത്ത് നിന്ന് തിരിയാൻ പോലും സാധിക്കാത്ത വിധം തിരക്കേറും. പിന്നീട് ചെറുകര, വല്ലപ്പുഴ സ്റ്റേഷനിൽ നിന്നുള്ള യാത്രക്കാർ കയറുന്നതോടെ ജനറൽ ബോഗിയിൽ സൂചികുത്താനിടമില്ലാത്ത സ്ഥിതിയാണ്. യാത്രക്കാർക്ക് ശൗചാലയത്തിൽ പോകാനോ സ്റ്റേഷനിൽ ഇറങ്ങാനോ സാഹസിക അഭ്യാസം നടത്തേണ്ട സ്ഥിതിയാണ്. ഇതിനെല്ലാം താത്കാലിക ആശ്വാസമെന്ന നിലയ്ക്കാണ് ഒരു കോച്ച് കൂടി അധികമായി അനുവദിക്കണമെന്ന ആവശ്യം ശക്തമായത്.