k

കാലിത്തീറ്റ കൊണ്ടുവരുന്നതിന് കർണാടകയിലെ ചാമ് രാജ് നഗർ ജില്ല ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയതോടെ വെട്ടിലായിരിക്കുകയാണ് മലബാറിലെ ക്ഷീര കർഷകർ. ചോളത്തണ്ട്, ചോളം, വൈക്കോൽ തുടങ്ങിയവ കുറഞ്ഞ നിരക്കിൽ പാലക്കാട്, കോഴിക്കോട്, വയനാട് മേഖലയിലെ ക്ഷീര കർഷകർക്ക് ലഭിച്ചിരുന്നത് വലിയ ആശ്വാസമായിരുന്നു. നിരവധി പേർ തൊഴിലെടുക്കുന്ന മേഖലയാണ് കൂടിയാണിത്. നിരോധനം ഇവരുടെ തൊഴിലിനെയും ബാധിക്കും. ചോളത്തണ്ട് ചോളം തുടങ്ങിയവയുടെ വരവ് എന്നേക്കുമായി നിലച്ചാൽ തങ്ങൾ വലിയ പ്രതിസന്ധിയിലാകുമെന്ന് അതിർത്തിമേഖലയിലെ ഡയറി ഫാം ഉടമകൾ. ജൈവ കാലിത്തീറ്റയെന്ന നിലയിൽ വയനാട്, കോഴിക്കോട് ജില്ലകളിലേക്ക് എത്തിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ക്ഷീര കർഷകർക്ക് വിതരണം ചെയ്തിരുന്ന ചോളത്തണ്ട്, പച്ചപ്പുല്ല്, വൈക്കോൽ എന്നിവ കൊണ്ടുവരുന്നതിനാണ് ചാമ് രാജ് നഗർ ജില്ല ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കർണാടകയിൽ മഴ കുറഞ്ഞ് വരൾച്ച സമാന സാഹചര്യമുണ്ടായിതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ദുരന്തനിവാരണ അതോറിട്ടിയുടെ നിർദ്ദേശ പ്രകാരമാണിത്. കർണാടകത്തിലെ പല ചോളം കർഷരും മുൻകൂർ തുക ചോളം കടത്തുകാരിൽ നിന്ന് വാങ്ങിയതിനാൽ മാത്രം ഇപ്പോൾ കേരളത്തിലേക്ക് കൊണ്ടുപോകാൻ ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ, പുതിയ വിള പാകമായാൽ ഈ ഇളവ് കർണാടകം അനുവദിച്ചേക്കില്ല. അതോടെ, കേരളത്തിലേക്കുള്ള ചോളത്തണ്ട് വരവ് പൂർണമായും നിലയ്ക്കും. മലബാറിലെ തൊഴുത്തുകളിൽ ചോളമൊഴിയും. പശുവിന് തീറ്റ കുറയും. പാൽ കുറയും. മിൽമയുടെ പ്ലാന്റിലേക്കുള്ള ഒഴുക്ക് നിലയ്ക്കും. ചോളത്തണ്ട് നിരോധനം വരുത്തി വയ്ക്കുന്ന വിന ചെറുതല്ല.

 ആശങ്കയിൽ ഫാമുടമകൾ

പാലുത്പാദനം ഗണ്യമായി വർദ്ധിക്കുമെന്നതിനാൽ സംസ്ഥാനത്തെ ഭൂരിപക്ഷം ക്ഷീരകർഷകരും പച്ചപ്പുല്ലിന് പകരം ചോളത്തണ്ടാണ് നൽകുന്നത്. നിരോധനം വരുന്നതിന് മുമ്പ് എത്തിച്ച കാലിത്തീറ്റ വച്ചാണ് നിലവിൽ ചെറുകിട ഫാമുകൾ പ്രവർത്തിക്കുന്നത്. എന്നാൽ, നിരോധനം തുടർന്നാൽ ഫാമുകൾ പൂട്ടേണ്ടി വരുമെന്ന ആശങ്കയിലാണിവർ. പാലിന് വില വർദ്ധിക്കാതിരിക്കുകയും ബാഗുകളിൽ വരുന്ന കാലിത്തീറ്റക്ക് അനിയന്ത്രിതമായി വില വർദ്ധിക്കുകയും ചെയ്തതോടെ ചോളത്തണ്ടിനെയാണ് ഭൂരിഭാഗം ക്ഷീരകർഷകരും ആശ്രയിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മലബാറിലെ വിവിധ ജില്ലകളിലേക്ക് ചോളത്തണ്ട് കാലിത്തീറ്റയായി എത്തുന്നുണ്ട്. കർണാടകയിലെ ചോളം കർഷകർ മലയാളികളായ കച്ചവടക്കാരുമായി സഹകരിച്ചാണ് കാലിത്തീറ്റ എത്തിക്കുന്നത്. ചോളം വിളവെടുത്ത് ഉണക്കി വിൽക്കുന്നതിനേക്കാൾ തണ്ട് വെട്ടിവിൽക്കുന്നതാണ് കർഷകർക്ക് ലാഭം.

 വിലക്കിന്റെ വിശദീകരണം

കർണാടകത്തിലെ 195 താലൂക്കുകൾ ഇപ്പോൾ തന്നെ വരൾച്ചാ ബാധിത പ്രദേശങ്ങളാണ്. ഇവയിൽ മിക്കതും ക്ഷീര കർഷകർ ഒരുപാടുള്ള സ്ഥലമാണ്. കൊടും വേനലിൽ കർണാടകത്തിലെ കാലികൾക്ക് തീറ്റയുറപ്പാക്കാനാണ് ഇപ്പോഴത്തെ നിരോധനമെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.

 കർഷകരുടെ കണ്ണീർ

പശുവിനെ തീറ്റിക്കാൻ നാട്ടിലെങ്ങും പച്ച പുല്ലില്ല. തുലാമഴ കഴിഞ്ഞാൽ ആകെയുള്ള പുല്ലെല്ലാം ഉണങ്ങും. വൈക്കോൽ നൽകിയാൽ, നല്ല പാലുകിട്ടില്ല. അവിടേക്കാണ് ചോളത്തണ്ടിന്റെ വരവ്. കൂടിയ അളവിൽ കൊഴുപ്പുള്ള പാൽ, ഇത് മിൽമയുടെ സൊസൈറ്റികളിൽ ഗുണമേന്മ കൂടുതലായി രേഖപ്പെടുത്തുകയും ചെയ്യും. നേരത്തെ 32, 33 രൂപ ലീറ്ററിന് കിട്ടിയ സ്ഥാനത്ത് ചോളത്തണ്ട് കൊടുത്തപ്പോൾ, 42 രൂപ വരെ കിട്ടുന്നു. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ കർർഷകരുടെ മുഖത്ത് ചോളംവരവ് 'പാൽനിലാപുഞ്ചിരി'യാണ് സമ്മാനിച്ചത്. എല്ലാവരും നാലുനാൾ കൂടുമ്പോൾ, ആവശ്യത്തിന് അനുസരിച്ച് ചോളത്തണ്ട് ഇറക്കുമായിരുന്നു. ചോളം കൃഷി ചെയ്യുന്നവരും, അത് കടത്തുന്നവരും, കർഷകരും, പശുവും, പാൽ എടുക്കുന്നവരും എല്ലാം ഒരുപോലെ സന്തോഷിച്ചു. അവിടേക്കാണ് നിരേധനം വന്നത്.

 സർക്കാർ ഇടപെടൽ ?

ചോളത്തണ്ട് വന്നിട്ടില്ലെങ്കിൽ കേരളത്തിലെ ക്ഷീര കർഷകരെ അത് കാര്യമായി ബാധിക്കും. ഇത് പാലിന്റെ ഉത്പാദനത്തിൽ ഇടിവുണ്ടാക്കും. അതുവഴി മിൽമയ്ക്ക് ലഭിക്കുന്ന പാലിന്റെ അളവിലും കുറവ് വരും. കർണാടകയുടെ നിരോധനം നീക്കാൻ മിൽമ, സർക്കാർ തലത്തിലും മുഖ്യമന്ത്രി/ മന്ത്രിതലത്തിലും സെക്രട്ടറിതലത്തിലും ഇടപെടുന്നുണ്ട്. കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈരഗൗഡയ്ക്ക് ചോളത്തണ്ടുകൾ കേരളത്തിലേക്ക് കയറ്റി അയക്കുന്നത് സംബന്ധിച്ച് ക്ഷീര വികസന മന്ത്രി ചിഞ്ചുറാണി കത്തെഴുതി. കർണാടകയിലെ ചോള കർഷകരെയും സംസ്ഥാനത്തെ ക്ഷീര കർഷകരെയും നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ ഇരു സംസ്ഥാനങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിക്കാൻ എത്രയും പെട്ടെന്ന് നിരോധനം നീക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

 പിന്നിൽ പോരോ ?

വരൾച്ചയുടെ മറവിൽ കർണാടകം ഏർപ്പെടുത്തിയ ചോളത്തണ്ട് വിതരണ നിയന്ത്രണം നന്ദിനിക്ക് വേണ്ടിയാണോ എന്ന സംശയം ശക്തമാണ്. നിലവിൽ ഉയർന്ന തുക നൽകി കൂടുതൽ ചോളം കേരളം വാങ്ങുന്നുണ്ട്. ഈ ഒരു കാരണത്താൽ കർണാടകത്തിലെ ക്ഷീരകർഷകരും പാൽ ഉത്പാദക സൊസൈറ്റികളും സമാന വില നൽകേണ്ട സാഹചര്യമാണ്. ഇതോടെ, കർണാടകത്തിലെ പാൽ ഉത്പാദനച്ചെലവും ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. കർണാടകത്തിലെ പ്രധാന പാൽ ഉത്പാദക സഹകരണ സംഘമായ നന്ദിനിക്ക് ഇത് കനത്ത തിരിച്ചടിയാണ്. പാൽ ഉത്പാദനത്തിന്റെ ചെലവ് കുറയ്ക്കണം. അതിന്, ചോളത്തിന്റെ വില കുറച്ച് ലഭ്യത കൂട്ടണം. ചോളം സുലഭമായി കിട്ടണമെങ്കിൽ കേരളത്തിലേക്കും അന്യസംസ്ഥാനങ്ങളിലേക്കുമുള്ള വിതരണം തടയണം എന്നിങ്ങനെയുള്ള വാദങ്ങൾ ഇടയ്ക്ക് കർണടകത്തിൽ ഉയർന്നിരുന്നു. ചോളം സുലഭമായി ലഭ്യമായാൽ ഡിമാന്റ് കുറയും. അപ്പോൾ, തനിയെ വിലയും കുറയും. ഇതോടെ നന്ദിനിയുടെ പ്ലാന്റിലേക്ക് കൂടുതൽ പാലെത്തുമെന്നാണ് അവരുടെ വിലയിരുത്തൽ.

വേനലായാൽ, കേരളത്തിലെ പാൽ ഉത്പാദനം കുറയും. മിൽമ ഈ സമയം തമിഴ്നാടിനെ പ്രധാനമായും ആശ്രയിക്കാറെന്ന് കർണടകയ്ക്ക് അറിയാം. ഈ സാഹചര്യം ഉപയോഗപ്പെടുത്തി കേരള വിപണിയിൽ ഇടപെടാനുള്ള ശ്രമത്തിലാണ് നന്ദിന്. ഇക്കഴിഞ്ഞ ജൂണിൽ കേരളത്തിൽ ഔട്ട്‌ലെറ്റുകളുടെ എണ്ണം കൂട്ടാൻ നന്ദിനി ശ്രമിച്ചിരുന്നു. അന്ന് അതിനെ കേരളം സമർഥമായി നേരിട്ടു. ഇപ്പോഴഉം കേരളത്തിൽ നന്ദിനിയുടെ പാൽ ഉത്പന്നങ്ങൾ സുലഭമാണ്. കേരള വിപണിയിൽ സ്വാധീനം ഉറപ്പിക്കാൻ നന്ദിനിക്ക് മിൽമയോട് മത്സരിക്കണം. കുറഞ്ഞ വിലയിൽ വിപണിയിൽ എത്തിയാലേ അത് സാധ്യമാകൂ. അതിന് കർണാടകത്തിലെ പാൽ ഉത്പാദനച്ചെലവ് കുറയുകയും കേരളത്തിലെ ഉത്പാദനച്ചെലവ് കൂടുകയും വേണം. ഇതെല്ലാം കണക്കുകൂട്ടിയാണ് ചോളത്തണ്ടിന്റെ നിരോധനമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധരുടെ വിലയിരുത്തൽ.