prathyush-kumar
ജി.പ്രത്യുഷ്‌കുമാർ

പാലക്കാട്: മലമ്പുഴ ബ്ലോക്ക് കണ്ണോട് ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വർദ്ധിപ്പിച്ചാണ് കോൺഗ്രസിലെ ജി.പ്രത്യുഷ്‌കുമാർ ജയിച്ചുകയറിയത്. 1,549 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. പ്രത്യുഷ്‌കുമാർ 4,571 വോട്ടും സി.പി.ഐയിലെ സുഭാഷ് രാജൻ 3,022 വോട്ടും ബി.ജെ.പിയിലെ വി.ശശി 1,495 വോട്ടും കരസ്ഥമാക്കി.

കഴിഞ്ഞ തവണ 170 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ മുതിർന്ന നേതാവ് യു.പ്രഭാകരനാണ് വിജയിച്ചത്. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

ബ്ലോക്കിൽ കോൺഗ്രസിന്റെ ഏക സീറ്റാണിത്. ഇത്തവണ വലിയ ഭൂരിപക്ഷത്തോടെ ജയിച്ച് സീറ്റ് നിലനിറുത്താനായി. ആകെ പോൾ ചെയ്ത വോട്ടിന്റെ 50 ശതമാനവും നേടിയ കോൺഗ്രസ് ഡിവിഷന് കീഴിലെ എട്ട് വാർഡുകളിൽ ഏഴിലും ലീഡ് നേടുകയും ചെയ്തു. ഒരു വാർഡിൽ 80 വോട്ടിന് മാത്രമാണ് പിറകിൽ പോയത്.

യൂത്ത് കോൺഗ്രസ് കഞ്ചിക്കോട് മണ്ഡലം മുൻ വൈസ് പ്രസിഡന്റും നിലവിൽ കോൺഗ്രസ് മണ്ഡലം ഭാരവാഹിയുമാണ് ജി.പ്രത്യുഷ്‌കുമാർ. ജീനയാണ് ഭാര്യ. വൈഗ, വിയോണ എന്നിവരാണ് മക്കൾ.