ചെർപ്പുളശേരി: തൂത പുഴയ്ക്ക് കുറുകെ മലപ്പുറം- പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പുതിയ പാലം നിർമ്മാണം ഇനിയും വൈകും. 364 കോടി ചെവഴിച്ച് നിർമ്മിക്കുന്ന മുണ്ടൂർ- തൂത നാലുവരി റോഡിന്റെ പ്രയോജനം പൂർണമായി ലഭിക്കണമെങ്കിൽ തൂത പുഴയ്ക്ക് കുറുകെ പുതിയ പാലം അനിവാര്യമാണ്.
80 വർഷം മുമ്പ് ബ്രിട്ടീഷ് സർക്കാർ നിർമ്മിച്ചതാണ് നിലവിലെ പാലം. ഒരേ സമയം രണ്ട് വലിയ വാഹനങ്ങൾക്ക് കടന്നുപോവാൻ പറ്റാത്തത്ര വീതി കുറവാണ് ഈ പാലത്തിന്. വാഹനം വരുന്ന സമയത്ത് കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയില്ല. ഇതുകാരണം സ്കൂൾ വിദ്യാർത്ഥികളടക്കമുളള കാൽനട യാത്രക്കാർ ഭയത്തോടെയാണ് പാലത്തിലൂടെ കടന്നുപോകുന്നത്. മുണ്ടൂർ- തൂത റോഡിനോടൊപ്പം പുതിയ പാലം കൂടി നിർമ്മിച്ചാൽ പെരിന്തൽമണ്ണയിൽ മണ്ണാർക്കാട് വഴി പാലക്കാട്ടേക്ക് പോകുന്നതിനേക്കാൾ അരമണിക്കൂറിലധികം സമയവും പത്തുകിലോമീറ്ററിലധികം ദൂരവും ലാഭിച്ച് സുഗമമായി സഞ്ചരിക്കാം.
വാഹനങ്ങൾക്ക് നാട്ടുകൽ- താണാവ് ദേശീയപാതയിലെ അപകടകരമായ നൊട്ടമല ഉൾപ്പെടെയുള്ള കൊടുംവളവുകളും മണ്ണാർക്കാട് ടൗണിലെ രൂക്ഷമായ ഗതാഗത കുരുക്കുമൊഴിവായി സുഗമമായി ലക്ഷ്യത്തിലെത്താം.
മഞ്ചേരി പി.ഡബ്ല്യു.ഡി ഡിവിഷന് കീഴിൽ വരുന്ന പാലത്തിന്റെ നിർമ്മാണം കുറ്റിപ്പുറം കെ.എസ്.ടി.പി.യുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. മാസ്റ്റർ പ്ലാൻ ബംഗളൂരിലെ സ്വകാര്യ കമ്പനിയാണ് തയ്യാറാക്കിയത്.
വർഷങ്ങൾക്ക് മുമ്പ് തൂത പാലത്തിൽ വിള്ളൽ കണ്ടെത്തുകയും ആഴ്ചകളോളം ഗതാഗതം നിരോധിച്ച് അറ്റകുറ്റപ്പണി നടത്തി വീണ്ടും ഗതാഗതത്തിന് തുറന്ന് കൊടുക്കുകയുമായിരുന്നു. സംസ്ഥാനത്തെ തന്നെ പ്രധാന പാതയിലെ ഒരു പാലം നിർമ്മാണമാണ് സർക്കാരിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും കെടുകാര്യസ്ഥത മൂലം അനന്തമായി നീളുന്നതെന്ന ആരോപണം ശക്തമാണ്.
പാലത്തിനായി നിരത്തിയ മണ്ണെല്ലാം ഒഴുകിപ്പോയി
പുഴയിലെ ജലത്തിന്റെ തോത്, ഒഴുക്കിന്റെ ശക്തി, ഗതി എന്നിവ പഠിക്കാൻ ഈ വർഷം മാർച്ച് ആദ്യം പരിശോധന നടത്തിയിരുന്നു. ഇതിനായി ഹൈഡ്രോളിക്ക് യന്ത്രസാമഗ്രികൾ ഉൾപ്പടെ എത്തിക്കുന്നതിന് പുഴയുടെ ഒരു വശത്ത് മണ്ണിട്ട് താത്കാലിക സൗകര്യം ഒരുക്കിയിരിക്കുന്നു. ഈ മണ്ണ് മഴക്കാലത്ത് പുഴയിലെ ഒഴുക്കിനെ ബാധിക്കുന്നു എന്ന് പരാതി ഉയർന്നു. ശക്തമായ വെള്ളപ്പാച്ചിലിൽ മണ്ണെല്ലാം ഒഴുകിപ്പോകുകയും ചെയ്തു.
മഴക്കാലത്തിന് മുമ്പ് പരിശോധന പൂർത്തീകരിച്ചിരുന്നു. മഴയ്ക്ക് ശേഷം പുതിയ പാലത്തിന്റെ പണി ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇതാണ് വീണ്ടും അനന്തമായി നീണ്ടുപോവുന്നത്.