
പട്ടാമ്പി: തൃത്താല മണ്ഡലത്തിലെ തിരുമിറ്റക്കാേട്, പട്ടിത്തറ പഞ്ചായത്തുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിയിൽ പ്രതിരോധത്തിലായി സി.പി.എം പ്രാദേശിക നേതൃത്വം.
പട്ടിത്തറയിൽ കഴിഞ്ഞ തവണ വാശിയേറിയ പോരാട്ടം നടന്ന വാർഡിൽ 142 വോട്ടിനാണ് യു.ഡി.എഫിനോട് ഇത്തവണ ഇടതുമുന്നണി തോറ്റത്. തിരുമിറ്റക്കോട് കഴിഞ്ഞ പ്രാവശ്യം 11 വോട്ടിനാണ് തോറ്റതെങ്കിൽ ഇത്തവണത്തെ വ്യത്യാസം 93 വോട്ടാണ്.
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടന്ന നവകേരള സദസിലെയും മറ്റുമുള്ള ജനപങ്കാളിത്തം വോട്ടാക്കാൻ സാധിച്ചില്ലെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. സി.പി.എം പ്രാദേശിക നേതൃത്വത്തിലെ അസ്വാരസ്യങ്ങളും വിനയായി.
സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഒരു വിഭാഗം പിന്തുണ നൽകുന്നില്ല വിമർശനമുണ്ട്. മണ്ഡലത്തിന് മന്ത്രി മുഖേന ലഭിക്കുന്ന വികസന പദ്ധതികൾ നിരവധിയാണെങ്കിലും വോട്ടാക്കി മാറ്റാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്ന് ആരോപണമുണ്ട്. നേരത്തെ ആനക്കരയിൽ നടന്ന ഉപതിരഞ്ഞെടുപ്പിലും തോൽവി വഴങ്ങിയിരുന്നു.
ഗ്രൂപ്പിസവും അഴിമതി ആരോപണങ്ങളും
കഴിഞ്ഞ സമ്മേളന കാലഘട്ടത്തിൽ ഗ്രൂപ്പ് പ്രവർത്തനത്തിന്റെ പേരിൽ തൃത്താലയിലെ പാർട്ടി ഘടകങ്ങൾ നടപടി നേരിട്ടിരുന്നു. ലോക്കൽ, ഏരിയ കമ്മറ്റികളിലും ബാങ്ക് പ്രസിഡന്റ്, ഡയറക്ടർ തിരഞ്ഞെടുപ്പിലും ഗ്രൂപ്പിസം ശക്തമാണെന്ന് ആരോപണമുണ്ട്.
കഴിഞ്ഞ തൃത്താല ഏരിയാ സമ്മേളനത്തിലെ വോട്ടെടുപ്പ് വിഭാഗീയത ശക്തമായതിന് തെളിവാണെന്ന് ഒരുപക്ഷം പറയുന്നു. നാഗലശേരി പഞ്ചായത്ത് സ്റ്റാൻഡിന്റെ സ്ഥലത്തെയും ക്വാറി മാഫിയ ബന്ധത്തെയും ചൊല്ലിയുള്ള വിവാദങ്ങൾ ഇതിന് പുറമേയാണ്. ഉപതിരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ പ്രാദേശിക നേതൃത്വത്തെ തിരുത്താനും വിശദീകരണം തേടാനും ജില്ലാ നേതൃത്വം തയ്യാറാകണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുന്നു.
സി.പി.ഐക്ക് മണ്ഡലം കമ്മറ്റിയില്ല
എൽ.ഡി.എഫിലെ രണ്ടാംകക്ഷിയായ സി.പി.ഐയിൽ വിഭാഗീയതയും ഗ്രൂപ്പ് പ്രവർത്തനവും ശക്തമായതോടെ തൃത്താല മണ്ഡലം കമ്മിറ്റി തന്നെ പിരിച്ചുവിട്ടിരുന്നു. നിലവിൽ നാലംഗ കമ്മറ്റിയാണുള്ളത്. കഴിഞ്ഞ തവണ തിരുമിറ്റക്കോട് സി.പി.ഐ സ്ഥാനാർത്ഥി 173 വോട്ട് പിടിച്ച വാർഡിലാണ് ഇപ്രാവശ്യം ഉപതിരഞ്ഞെടുപ്പ് നടന്നതും തോൽവിയുടെ ആഘാതം വർദ്ധിച്ചതും.