പാലക്കാട്: സദനം ഹരികുമാർ എഴുതിയ ശാപമോചനം ആട്ടക്കഥയുടെ ഇംഗ്ലീഷ് പരിഭാഷ ഏഷ്യൻ തീയറ്റർ ജേർണൽ നവംബർ ലക്കത്തിൽ. യു.എസിലെ ഹവായ് യൂണിവേഴ്സിറ്റി പ്രസാണ് പ്രസാധകർ. മഹാഭാരതത്തിലെ ഉർവശീ ശാപത്തിന്റെയും ശാപമോക്ഷത്തിന്റെയും കഥ പുതിയ കാലത്തിന്റെ കാഴ്ചപ്പാടിൽ അവതരിപ്പിച്ചതാണ് ശാപമോചനം ആട്ടക്കഥ.
കഥകളിപ്പദങ്ങളുടെ തനിമ ഒട്ടും ചോരാതെ ഗദ്യരൂപത്തിലാണ് ജേർണലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എഴുത്തുകാരായ വി.എം.ശ്രീലക്ഷ്മി, ലക്ഷ്മി മോഹൻ എന്നിവർ ചേർന്നാണ് തർജമ നടത്തിയത്. വർത്തമാന കാലത്ത് ഒരു മലയാള കൃതിയുടെ തർജമ ഒരു അന്താരാഷ്ട്ര ജേർണലിൽ പ്രസിദ്ധീകരിക്കുന്നുവെന്നത് സന്തോഷമുള്ള കാര്യമാണെന്നും നമ്മുടെ സംസ്കൃതിക്ക് ലഭിക്കുന്ന അംഗീകാരമാണെന്നും ആട്ടക്കഥ രചയിതാവ് സദനം ഹരികുമാർ പറയുന്നു.
പത്തിരിപ്പാല സദനം കഥകളി അക്കാഡമിയാണ് ശാപമോചനം അരങ്ങിലെത്തിച്ചത്. 1989-90ൽ ആദ്യ അവതരണം നടന്നു. അപ്സരസായ ഉർവശി അർജുനനെ കണ്ട് മോഹിക്കുന്നതും ഇംഗിതം അദ്ദേഹത്തെ അറിയിക്കുന്നതും മുതലാണ് അവതരണം. ഇരിങ്ങാലക്കുട കഥകളി ക്ലബിന്റെ പ്രതിമാസ പരിപാടിയിലാണ് പരിഷ്കാരങ്ങളോടെ പുറത്തൊരു വേദിയിൽ ആദ്യമായി അവതരിപ്പിച്ചത്.
സാൻഫ്രാൻസിസ്‌കോ, ഡൽഹി, ചെന്നൈ ഉൾപ്പെടെ നിരവധി വേദികളിൽ ഇതിനകം ശാപമോചനം അവതരിപ്പിച്ചു. സദനം ഹരികുമാർ തന്നെ സംഗീതം നൽകി പാടി. ചില വേദികളിൽ അദ്ദേഹം അർജുനനായി അരങ്ങിലുമെത്തി.
ശാപമോചനം ആട്ടക്കഥയെ ഹവായ് യൂണിവേഴ്സിറ്റി പ്രസ് ഗൗരവപൂർവം സ്വീകരിച്ചു. ജേർണൽ വായിക്കുന്നവർ കഥകളിയോ മഹാഭാരതമോ അറിയുന്നവർ ആയിരിക്കില്ല എന്നതിനാൽ വീണ, ഗാണ്ഡീവം, അപ്സരസ് തുടങ്ങിയവ സംബന്ധിച്ച വിശദീകരണം പ്രസാധകർ ഇങ്ങോട്ട് വിളിച്ച് ചോദിക്കുകയും വിശദമായി ഉൾപ്പെടുത്തുകയും ചെയ്തത് ഏറെ അത്ഭുതപ്പെടുത്തി.
-സദനം ഹരികുമാർ