 
ചിറ്റൂർ: പ്രവർത്തന രഹിതമായ ബണ്ട് നന്നാക്കാത്തതിനെ തുടർന്ന് വെള്ളം ലഭിക്കാത്തതിനാൽ ഭൂമി തരിശിട്ട് കർഷകർ. കുന്നംങ്കാട്ടുപതി പ്രധാന കനാലിലെ കുറ്റിപ്പള്ളം ബ്രാഞ്ച് കനാലിന്റെ മൂന്ന് പിരിവ് ചേരുന്ന ഭാഗത്തെ ബണ്ടാണ് പ്രവർത്തന രഹിതമായത്.
ബണ്ട് നേരെയാക്കാത്തത് കാരണം കൃഷിക്ക് വെള്ളം ലഭിക്കാതായതോടെ ഈ കനാലുകളുടെ പരിധിയിലുള്ള ഏക്കർ കണക്കിന് പാടശേഖരം തരിശിടേണ്ട ഗതികേടിലാണ് പ്രദേശത്തെ കർഷകർ. കുറ്റിപ്പള്ളം, പാറക്കാൽ, ഉപ്പുമൺപടിക, ചെറിയ കുറ്റിപ്പള്ളം, എരിശേരി, അരണ്ടപ്പള്ളം, മാനാംകുറ്റി തുടങ്ങിയ പ്രദേശങ്ങളിലാണ് മികച്ച വിളവ് ലഭിക്കുന്ന ഏക്കറുകണക്കിന് ഭൂമി തരിശിടേണ്ടി വന്നത്.
ആദ്യഭാഗത്ത് ബണ്ട് തകർന്നത് കാരണം കുറ്റിപ്പള്ളം ബ്രാഞ്ച് കനാലിന്റെ ആയക്കെട്ട് പ്രദേശത്തെ നെൽകൃഷിക്ക് ഒന്നും രണ്ടും വിളകളിൽ സമയത്തിന് വെള്ളം ലഭിക്കാത്തതിൽ കർഷകർ പ്രതിഷേധത്തിലാണ്.
മൂന്ന് ബ്രാഞ്ച് കനാലുകൾ പിരിയുന്ന സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഷട്ടറുകൾ ക്രമീകരിക്കാൻ കഴിയാത്തതിനാൽ വേണ്ടത്ര അളവിലുള്ള വെള്ളമെത്തിക്കാൻ കഴിയുന്നില്ല. കനാലിൽ വിടുന്ന വെള്ളം ബണ്ട് പൊളിഞ്ഞ ഭാഗത്തുകൂടെ തൊട്ടടുത്ത നെൽ പാടങ്ങളിലേക്ക് അമിതനായി ഒഴുകുന്നതിനാൽ താഴത്തുള്ള കൃഷിക്കാർക്ക് വെള്ളം ലഭിക്കാത്ത സ്ഥിതിയാണ്.
നടപടി വേണം
ഇടയ്ക്ക് ലഭിച്ച മഴയിൽ രണ്ടാംവിളക്ക് നാമമാത്ര കർഷകർ നടീൽ നടത്തി. ഭൂരിപക്ഷം പേർക്കും തരിശിടേണ്ടി വന്നു. കനാൽ നവീകരിക്കാൻ ടെണ്ടർ നടത്തിയെന്ന് പറയുന്നുണ്ടെങ്കിലും പണി തുടങ്ങിയിട്ടില്ല. എത്രയും വേഗം ഷട്ടർ നന്നാക്കാനുള്ള നടപടി ഉണ്ടാകണമെന്ന് കർഷകരായ മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.രാജൻ, എ.അപ്പുമണി, പി.ഹരിദാസ്, പാഡികോ ഡയറക്ടർ എ.നാരായണൻ, വി.പൊന്നുച്ചാമി, എച്ച്.അബു, എ.ശിവദാസ് എന്നിവർ ആവശ്യപ്പെട്ടു.