otplm

ഒറ്റപ്പാലം: നഗരത്തിലെ ഗതാഗത തിരക്ക് കുറയ്ക്കാനായി നടപ്പാക്കുന്ന പാലാട്ട് റോഡ് ബൈപ്പാസ് നിർമ്മാണം ഉടനാരംഭിക്കാൻ നടപടി. ബൈപ്പാസിന് വേണ്ടി സ്ഥലം വിട്ടു നൽകിയതിൽ മിക്കവർക്കും നഷ്ടപരിഹാരം നൽകി. പണം കൈപ്പറ്റിയ നൂറോളം ആളുകളുടെ സ്ഥലത്തിന്റെ കൈവശ രേഖ ആർ.ബി.ഡി.സിക്ക് കൈമാറി.

ബൈപ്പാസ് നിർമ്മാണം ഏറ്റെടുത്ത പൊതുമരാമത്ത് വകുപ്പിന്റെ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപ്പറേഷൻ ഭൂമി ഏറ്റെടുക്കൽ പ്രവർത്തനം വേഗത്തിലാക്കും. സ്ഥലം വിട്ടു നൽകിയവർ ഭൂരിഭാഗം പേരും പ്രതിഫലം കൈപ്പറ്റിയ സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കൽ ഉടൻ പൂർത്തിയാകും.

പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പ്

ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമെന്ന നിലയ്ക്ക് പതിറ്റാണ്ടുകൾക്ക് മുമ്പ് ഉയർന്നുവന്ന ആവശ്യമാണ് പാലാട്ട് റോഡ് ബൈപ്പാസ് പദ്ധതി. ഇത് യാഥാർത്ഥ്യമാകാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് സൂചന.

ആദ്യഘട്ടത്തിൽ ബൈപ്പാസിനെതിരെ പ്രദേശവാസികൾ എതിർപ്പുമായി രംഗത്ത് വന്നിരുന്നു. സ്ഥലം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങളും സങ്കീർണതകളും ഉടലെടുത്തു. പാലാട്ട് റോഡ് ബൈപ്പാസ് പ്രായോഗികമല്ലെന്ന വാദഗതിയും ഇടക്കാലത്ത് ഉയർന്നു. നഷ്ടപരിഹാരത്തിനായി കോടികൾ ചെലവിട്ട പദ്ധതി ഒടുവിൽ യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണ്.

നഷ്ടപരിഹാരം കോടികൾ

ബൈപ്പാസിന് വിട്ടുനൽകിയ സ്ഥലമുടമകൾക്ക് ഒരു കോടിയിലധികം രൂപ വരെ നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ സ്ഥലം നഷ്ടമായവരിൽ പലരും മറ്റിടങ്ങളിൽ സ്ഥലവും വീടും ഫ്ളാറ്റും വാങ്ങി മാറിത്താമസിക്കാൻ തുടങ്ങി. പാലാട്ട് റോഡിൽ മൂന്ന് സെന്റ് സ്ഥലം നഷ്ടപ്പെട്ട ആൾക്ക് 87 ലക്ഷം വരെ നഷ്ടപരിഹാരം നൽകിയതായി അധികൃതർ അറിയിച്ചു.