accident
മണ്ണാർക്കാട് കോടതിപ്പടിയിൽ ഇന്നലെ കാൽനട യാത്രക്കാരിയെ സ്കൂട്ടറിടിച്ചതിന്റെ സി.സി.ടി.വി ദൃശ്യം.

മണ്ണാർക്കാട്: നഗരത്തിലെ പ്രധാന ജംഗ്ഷനായ കോടതിപ്പടിയിൽ അപകടം പതിവാകുന്നു. അപകടമില്ലാത്ത ദിവസമില്ലെന്നത് പോലെയാണ് നിലവിലെ അവസ്ഥ. ഇന്നലെ ഇരുചക്ര വാഹനമിടിച്ച് സ്ത്രീക്ക് പരിക്കേറ്റ സംഭവമാണ് ഒടുവിലത്തേത്. ഭാഗ്യം കൊണ്ട് മാത്രമാണ് ഗുരുതര പരിക്കേൽക്കാതെ ഇവർ രക്ഷപ്പെട്ടത്.

രണ്ട് ട്രാഫിക് ഉദ്യോഗസ്ഥർ ജംഗ്ഷനിൽ ഡ്യൂട്ടിക്കുണ്ടെങ്കിലും അവർക്ക് നിയന്ത്രിക്കാനാകാത്ത രീതിയിലാണ് കോടതിപ്പടിയിലെ കാര്യങ്ങൾ. മൂന്നുഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളും ജംഗ്ഷനിലൂടെ റോഡ് മുറിച്ചുകടക്കുന്ന കാൽനട യാത്രികരും ചേരുമ്പോൾ പൊലീസുകാരുടെ നിയന്ത്രണത്തിനും അപ്പുറത്താണ് കാര്യങ്ങൾ.

സീബ്ര ലൈൻ ജംഗ്ഷനോട് ചേർന്നാണുള്ളത്. ഇതും അപകടത്തിന് വഴിവയ്ക്കുന്നുണ്ട്. സീബ്ര ലൈനിലൂടെയല്ലാതെ റോഡ് ക്രോസ് ചെയ്യാൻ ശ്രമിക്കുന്നവരും ഇവരെ ശ്രദ്ധിക്കാതെ അമിത സ്പീഡിൽ വരുന്ന വാഹനങ്ങളും ഒരുപോലെ അപകടങ്ങൾക്ക് ഉത്തരവാദികളാണ്.
പ്രശ്നപരിഹാരത്തിന് ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്നും ജംഗ്ഷനിൽ നിന്ന് കുറച്ച് മാറി സീബ്രലൈൻ ഒരുക്കണമെന്നുമുള്ള ആവശ്യം ശക്തമാണ് .

സ്കൂട്ടറിടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്

ദേശീയപാത കോടതിപ്പടിയിൽ മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് ചങ്ങലീരി കൂമ്പാറക്കുഴിയിൽ പീടിക വീട്ടിൽ അബ്ദുൾ മജീദിന്റെ ഭാര്യ സീനത്തിന് (42) പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 1.10നാണ് സംഭവം. ദൂരേക്ക് തെറിച്ചുവീണ ഇവരെ മറ്റു യാത്രക്കാരെത്തിയാണ് രക്ഷപ്പെടുത്തിയത്. ഇവർ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.