
നെന്മാറ: അയിലൂർ ഗവ. യു.പി സ്‌കൂളിന്റെ ചുറ്റുമതിലിൽ ഡി.വൈ.എഫ്.ഐ മനുഷ്യചങ്ങലയുടെ ചുവരെഴുത്ത് നടത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കെ.എസ്.യു നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രധാന അദ്ധ്യാപകനെ നേരിൽകണ്ട് പ്രതിഷേധം അറിയിച്ചു. കൊല്ലങ്കോട് എ.ഇ.ഒ, ഡി.ഇ.ഒ, ജില്ലാ കളക്ടർ, വിദ്യാഭ്യാസ മന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് പരാതി അയക്കുകയും ചെയ്തു. ചുമരെഴുത്ത് സ്‌കൂൾ പ്രധാനാദ്ധ്യാപകന്റെ ശ്രദ്ധയിൽ പെട്ടില്ല എന്ന മറുപടിയിൽ കെ.എസ്.യു യൂത്ത് കോൺഗ്രസ് ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
നടപടി എടുക്കാത്തപക്ഷം പ്രത്യക്ഷ സമരവുമായി മുന്നോട്ടു പോകുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി. യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ശ്യാം ദേവദാസ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മനു പല്ലാവൂർ, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി.രാഹുൽ, യുത്ത് കോൺഗ്രസ് കെ.എസ്.യു നേതാക്കളായ അനൂപ് രാജൻ, സംജാദ്, അനൂപ്, രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.