thadayana-keezhayur
കീഴായൂരിൽ തടയണ നിർമ്മാണം പുരോഗമിക്കുന്നു.

പട്ടാമ്പി: പതിറ്റാണ്ടുകളായി പട്ടാമ്പി നിവാസികൾ ആവശ്യപ്പെട്ടിരുന്ന കീഴായൂർ തടയണ ഇതാ യാഥാർത്ഥ്യമാവുന്നു. വേനലിലെ ജലക്ഷാമത്തിന് പരിഹാരം കാണാൻ ഭാരതപ്പുഴയ്ക്ക് കുറുകെ തടയണ നിർമ്മാണമാരംഭിച്ചു.

നഗരസഭയിലെ കീഴായൂർ നമ്പ്രത്തെയും തൃത്താല മണ്ഡലത്തിലെ ഞാങ്ങാട്ടിരിയെയും ബന്ധിപ്പിച്ചാണ് 35.5 കോടി ചെലവിൽ തടയണ നിർമ്മിക്കുന്നത്. 2021ലാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. നബാർഡ് ഫണ്ടിലാണ് നിർമ്മാണം. 325 മീറ്റർ നീളത്തിലും രണ്ട് മീറ്റർ ഉയരത്തിലും നിർമ്മിക്കുന്ന തടയണയിൽ 28 ഷട്ടറുണ്ടാകും.

വെള്ളിയാങ്കല്ല് റഗുലേറ്റർ കം ബ്രിഡ്ജിന്റെ പ്രയോജനം പട്ടാമ്പി പാലം വരെ മാത്രം ലഭിക്കുന്ന സാഹചര്യത്തിലാണ് കീഴായൂർ നമ്പ്രത്ത് തടയണ നിർമ്മാണത്തിന് അനുമതിയും ഫണ്ടും ലഭിച്ചത്. നഗരത്തിലെ പ്രധാനപ്പെട്ട രണ്ട് ശുദ്ധജല വിതരണ പദ്ധതികളുടെയും ജലസേചന പദ്ധതികളുടെയും പമ്പിംഗ് പ്രദേശങ്ങളിൽ വേനലിൽ വെള്ളമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. ഇതിനെല്ലാം കിഴായൂർ തടയണ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. തടയണയുടെ പാർശ്വഭിത്തി നിർമ്മാണമാണ് നിലവിൽ പുരോഗമിക്കുന്നത്.

കുടിവെള്ളവും ജലസേചനവും ഉറപ്പാക്കും

തടയണയിൽ ജലനിരപ്പ് ക്രമീകരിച്ച് വേനലിൽ പ്രദേശത്ത് ജല ലഭ്യത ഉറപ്പാക്കും. കീഴായൂർ പാടശേഖരം, ഓങ്ങല്ലൂർ പഞ്ചായത്തിലെ തെക്ക് പടിഞ്ഞാറൻ ഭാഗം,​ ആര്യമ്പാടം, ഞാങ്ങാട്ടിരിയിലെയും തിരുമിറ്റക്കോട്ടെയും ആയിരത്തിലധികം ഹെക്ടർ പാടശേഖരം എന്നിവിടങ്ങളിൽ ജലസേചന പദ്ധതി ഉറപ്പുവരുത്താനാകും.