
കടമ്പഴിപ്പുറം: വായില്യാംകുന്ന് ഭഗവതി ക്ഷേത്രം ട്രസ്റ്റി ബോർഡ് അംഗങ്ങളെ നിയമിക്കുന്നതിനായി നടന്ന കൂടിക്കാഴ്ചയിൽ സി.പി.എം ഇടപെടലെന്ന ആരോപണവുമായി ബി.ജെ.പി രംഗത്ത്. സജീവ രാഷ്ട്രീയ പ്രവർത്തകരും പാർട്ടി ഭാരവാഹികളുമായ രണ്ടുപേർ ഇതിൽ പങ്കെടുത്തതായാണ് ആരോപണം.
ഇക്കഴിഞ്ഞ ഏഴിനാണ് കൂടിക്കാഴ്ച നടന്നത്. സജീവ രാഷ്ട്രീയ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടികളുടെ ഭാരവാഹിത്വം വഹിക്കുന്നവർ, അവിശ്വാസികൾ തുടങ്ങിയവരെ ട്രസ്റ്റി ബോർഡ് അംഗങ്ങളായി നിയമിക്കരുതെന്ന് മലബാർ ദേവസ്വം ബോർഡ് ചട്ടങ്ങളിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതിന് വിരുദ്ധമായി സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി പദവി വഹിക്കുന്ന രണ്ടുപേർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഒരേ സമയം ട്രസ്റ്റി ബോർഡ് അംഗങ്ങളായും പാർട്ടി ഭാരവാഹിത്വവും വഹിച്ചു വരുന്നവരാണ്. ദേവസ്വം ചട്ടങ്ങൾക്ക് വിരുദ്ധമായാണ് അംഗത്വ തിരഞ്ഞെടുപ്പ് നടന്നതെന്ന് ചൂണ്ടിക്കാട്ടി തെളിവ് സഹിതം മലബാർ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ ഉൾപ്പടെ ഉന്നത തലത്തിൽ ബി.ജെ.പി പരാതി നൽകി.
ചട്ടവിരുദ്ധമായ നിയമനത്തിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഭക്തരെ അണിനിരത്തി പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും മണ്ഡലം ജനറൽ സെക്രട്ടറി എൻ.സച്ചിദാനന്ദൻ, ഏരിയ ജനറൽ സെക്രട്ടറി പി.സന്തോഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.