kanjikkode

എലപ്പുള്ളി: പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾക്കും കുടുംബശ്രീ പ്രവർത്തകർക്കും കഞ്ചിക്കോട് ഫയർ ആൻഡ് റെസ്‌ക്യൂ സിവിൽ ഡിഫൻസിന്റെ കീഴിൽ ഗാർഹിക സുരക്ഷ, അഗ്നിസുരക്ഷ, പ്രഥമശുശ്രൂഷ എന്നിവയെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. പാചക വാതക സിലിണ്ടർ ചോർച്ച, സിലിണ്ടർ പൊട്ടിത്തെറിക്കൽ, വൈദ്യുതാഘാതം, പാമ്പു കടിയേൽക്കൽ, ഭക്ഷണം തൊണ്ടയിൽ കുടുങ്ങൽ, മുലപ്പാൽ തൊണ്ടയിൽ കുടുങ്ങൽ, കുഴഞ്ഞുവീഴൽ തുടങ്ങിയവ എങ്ങനെ പ്രതിരോധിക്കാം, കൃത്രിമ ശ്വാസം നൽകൽ, അപകടം സംഭവിച്ചാൽ അറിയിക്കേണ്ട നമ്പറുകൾ എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് ബോധവത്ക്കരണം നൽകിയത്.
കഞ്ചിക്കോട് അഗ്നിരക്ഷാ നിലയം ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി.ശിവന്റെ നേതൃത്വത്തിൽ ജീവനക്കാരായ യു.ജിതേഷ്, കെ.സതീഷ് എന്നിവർ ക്ലാസ് നയിച്ചു. എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാർ, സി.ഡി.എസ് ചെയർപേഴ്സൺ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.