
ചിറ്റൂർ: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിൽ കഴിഞ്ഞ 10 ദിവസമായി ചളിയും മാലിന്യവും കലർന്ന വെള്ളമാണ് കുടിവെള്ള പൈപ്പുകളിലൂെടെ വിതരണം ചെയ്യുന്നതെന്ന് ആരോപിച്ച് കൊഴിഞ്ഞാമ്പാറ കോൺഗ്രസ് പ്രസിഡന്റ് ആർ.കണ്ണൻ കുട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തകർ നാട്ടുകല്ലിലുള്ള വാട്ടർ അതോറിറ്റി ഓഫീസിലെത്തി പ്രതിഷേധിച്ചു.
ഉപയോഗ്യമല്ലാത്ത കുടിവെള്ളം വിതരണം ചെയ്തതിലൂടെ വാട്ടർ അതോറിറ്റി അധികൃതർ ഉത്തരവാദിത്വ രഹിത നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. ചളി കലർന്ന വെള്ളമാണെന്ന് അറിയാതെ മിക്കവരും ടാങ്കുകൾ നിറച്ചു, ശ്രദ്ധിക്കാതെ പലരും ഉപയോഗിച്ചു.
അവരിൽ പലർക്കും ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക നഷ്ടത്തിനും ഇടയായിട്ടുണ്ട്. ഇത് അധികൃതരുടെ അനാസ്ഥയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. അപാകതകൾ പരിഹരിച്ച് ശുദ്ധജല വിതരണം നടത്തണമെന്നും ഉപഭോക്താക്കൾക്ക് ഒരു മാസത്തെ വെള്ള കരം ഇളവ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റി അസി.എക്സിക്യുട്ടീവ് എൻജിനീയർ ടി.വി. ദിവ്യയ്ക്ക് നിവേദനം നൽകുകയും ചെയ്യ്തു. എം.വി.രാധാകൃഷ്ണൻ, ആർ.കിട്ടുച്ചാമി, കെ.രാധാകൃഷ്ണൻ, കെ.സുന്ദരൻ, എസ്. തങ്കവേലു, സി.അശോക് കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.