
ഷൊർണൂർ: മോഷ്ടാക്കളുടെ വിഹാര കേന്ദ്രമായി ഷൊർണൂർ മാറുന്നു. വീടുകൾ കുത്തി തുറന്നും, ക്ഷേത്രങ്ങൾ കവർച്ചക്കിരയാക്കിയും മോഷണം നടമാടുന്നതിനിടെ പമ്പ് സെറ്റുകൾ, അടക്ക, തേങ്ങ തുടങ്ങിയവയും മോഷണം പോകുന്നു. വ്യാഴാഴ്ച രാത്രി നെടുങ്ങോട്ടൂരിലെ കുതിര കണ്ടത്തിന് മുന്നിലെ വളപ്പിൽ നിന്ന് തോട്ടം നനക്കാൻ ഉപയോഗിക്കുന്ന മോട്ടോർ പമ്പ് സെറ്റ് കട്ടർ ഉപയോഗിച്ച് മുറിച്ച് കൊണ്ടുപോയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
ഇതേ വളപ്പിൽ നിന്നു തന്നെയാണ് ആയിരക്കണക്കിന് വില വരുന്ന അടക്കയും തേങ്ങയും മോഷണം പോയിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് പരുത്തിപ്രയിലെ വീട്ടിൽ നിന്നും പമ്പ് സെറ്റ് മോഷണം പോയിരുന്നു. നെടുങ്ങോട്ടൂർ കുതിര കണ്ടത്തിലെ ദണ്ഡാരവും പൂട്ട് തകർത്ത് പണം മോഷ്ടിച്ചത് അടുത്ത ദിവസമാണ്. ഷൊർണൂരിലെ വിവിധ ക്ഷേത്രങ്ങളിൽ മാസത്തിലൊരു തവണ എന്ന തോതിൽ മോഷണം പതിവായതായി പരാതിയുണ്ട്.
മഞ്ഞക്കാട് വൃദ്ധ ദമ്പതികൾ താമസിക്കുന്ന വീട്ടിനകത്ത് കയറി കൂടി അർദ്ധരാത്രി പണവും നാല് ലക്ഷത്തിലേറെ വില വരുന്ന സ്വർണാഭരണങ്ങളും മോഷണം നടന്നതിൽ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. ഇവരുടെ തന്നെ മൊബൈൽ ഫോണും മോഷ്ടാവ് കൊണ്ടുപോയിരുന്നു. രാവിലെ പല തവണ നഷ്ടപെട്ട ഫോണിലേക്ക് വിളിക്കുമ്പോൾ റിംഗ് ഉണ്ടായിരുന്നു. എന്നിട്ടും പൊലീസിന് മോഷ്ടാവിനെ കണ്ടെത്താനായില്ല.
മോഷണ കേന്ദ്രം റെയിൽവേ സ്റ്റേഷൻ പരിസരം
ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ മോഷണ കേന്ദ്രങ്ങളാണ്. റെയിൽവേ സ്‌റ്റേഷനും റെയിൽവേ യാർഡുകളും മോഷ്ടാക്കൾക്ക് ഓടി മറയാനുള്ള സൗകര്യങ്ങളാണ്. രാത്രികാല പൊലീസ് പട്രോളിംഗ് പരിമിതപെടുത്തിയതും കുറ്റാന്വേഷണത്തിൽ പരിശീലനം ലഭിച്ച പൊലീസ് അംഗങ്ങളുടെ കുറവും തുടരന്വേഷണ ഘട്ടങ്ങൾ ഇല്ലാതായി മാറുവാനിടയാവുന്നതായി പറയപ്പെടുന്നു.