
മണ്ണാർക്കാട്: കുമരംപുത്തൂർ പഞ്ചായത്തിലെ കുളപ്പാടം പൂന്തിരുത്തിക്കുന്ന് ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപ്പിടിത്തത്തിൽ വീട് ഭാഗികമായി കത്തിനശിച്ചു. രണ്ടുലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി വീട്ടുകാർ പറയുന്നു. കരുവാൻക്കുന്നിൽ പത്മിനിയുടെ വീടിനാണ് തീപ്പിടിച്ചത്. ഇന്നലെ രാവിലെ 11നാണ് സംഭവം. വീടിന്റെ മുറിയോടു ചേർന്നുള്ള മെയിൻ സ്വിച്ചിൽ നിന്നാണ് തീപടർന്നത്. ചുമരിനോട് ചേർന്നുള്ള ബെഡിനും കട്ടിലിനും തീപിടിക്കുകയും പിന്നീട് അലമാരയും ഓടിട്ട വീടിന്റെ കഴുക്കോലുകളും പട്ടികകഷ്ണങ്ങളും കത്തിനശിച്ചു. ഒരു മുറി പൂർണമായും അഗ്നിക്കിരയായി. സംഭവസമയം പത്മിനി പുറത്തുപോയിരുന്നു. മരുമകൾ പവിത്ര വീടിന് പുറത്ത് മറ്റു ജോലികളിലുമായിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് അയൽവാസികളും നാട്ടുകാരും ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. അപ്പോഴേക്കും നാട്ടുകാർ വെള്ളംകോരി ഒഴിച്ച് തീ കെടുത്തിയിരുന്നു. അലമാരയിലുണ്ടായിരുന്ന വീടിന്റെ ആധാരം, റേഷൻകാർഡ് ഉൾപ്പെടെയുള്ള രേഖകളും തുണികളും 5000 രൂപയും കത്തിനശിച്ചു.