s

നെന്മാറ: അയിനംപാടത്ത് കെ.എസ്.ഇ.ബി.യുടെ പഴയ സെക്ഷൻ ഓഫീസ് വളപ്പിൽ 9.69 കോടി മുടക്കി 1.5 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള സോളാർ പദ്ധതിക്ക് അഞ്ചുവർഷത്തിന് ശേഷം പുതുജീവൻ. കരാർ തുകയെ ചൊല്ലിയുണ്ടായ തർക്കം കാരണം നിലച്ച പദ്ധതിയിൽ സോളാർ പാനൽ സ്ഥാപിക്കുന്ന ജോലികളാണ് നിലവിൽ പുനഃരാരംഭിച്ചത്.

2017 ജനുവരിയിൽ അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തിൽ മരങ്ങൾ മുറിച്ചുനീക്കാനുള്ള നടപടിക്ക് തന്നെ വർഷങ്ങളെടുത്തു. ഒമ്പത് ഏക്കർ സ്ഥലത്തുള്ള മരങ്ങൾ മുറിച്ചുനീക്കാനുള്ള അനുമതി വൈകിയതാണ് കാരണം.

കേന്ദ്രം ജി.എസ്.ടി വർദ്ധിപ്പിച്ചതിനാൽ കരാർ ഏറ്റെടുത്ത കമ്പനി സർക്കാരിനോട് കൂടുതൽ തുക ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഇതോടെ ഈ കമ്പനി പദ്ധതി ഉപേക്ഷിച്ച് പോയി. പിന്നീട് 2021ൽ രണ്ടാമത് കരാർ ഏറ്റെടുത്ത കമ്പനിയും പ്രാഥമിക ജോലികൾ ആരംഭിച്ചെങ്കിലും കരാർ തുക പര്യാപ്തമല്ലെന്ന് കണ്ട് പദ്ധതി പാതിവഴിയിൽ നിറുത്തിവച്ചു. കരാറെടുത്ത കമ്പനി സ്ഥലം നിരപ്പാക്കി പദ്ധതി പ്രദേശിന് ചുറ്റും കമ്പിവേലിയും സ്ഥാപിച്ചിരുന്നു.
നിലവിൽ മൂന്നുകോടിയോളം മുടക്കി പദ്ധതി ആരംഭിക്കാനുള്ള പരമാവധി ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി കമ്പനി അധികൃതർ അറിയിച്ചു.