nicolas-1
പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസ് സ്വദേശി നിക്കോളാസ് കാട്സറോസ്.

പാലക്കാട്: കേരളത്തിന്റെയും മലയാളി നഴ്സുമാരുടെയും കരുതൽ നേരിട്ടനുഭവിക്കുകയാണ് ഇന്ത്യയെ അറിയാൻ ഫ്രാൻസിൽ നിന്നെത്തിയ നിക്കോളാസ് കാട്സറോസ്. യാത്രയ്ക്കിടെ പിടിപെട്ട സെല്ലുലൈറ്റിസ് രോഗത്തിന് ചികിത്സ തേടിയാണ് 36-കാരൻ ജില്ലാ ആശുപത്രിയിലെത്തിയത്.

സർജിക്കൽ വാർഡിൽ ചികിത്സയിൽ തുടരുന്ന നിക്കോളാസ് കേരളത്തിന്റെ ആരോഗ്യ സംവിധാനത്തെ അടുത്തറിയുകയാണ്. ഇന്ത്യയുടെ വിളി കേട്ടാണ് യൂറോപ്പ് വിട്ട് പുറത്തു വന്നതെന്ന് അദ്ദേഹം പറഞ്ഞു. ബാക്ടീരിയ കാരണം തൊലിയിലുണ്ടാകുന്ന അണുബാധയാണ് സെല്ലുലൈറ്റിസ്. തൊലിപ്പുറത്ത് ചുവന്ന നിറവും ചൊറിച്ചിലും തടിപ്പും മുറിവുമുണ്ടാകും. ഈ മാസമാദ്യം ട്രെയിനിലാണ് പാലക്കാട്ടെത്തിയത്. ആശുപത്രിയിൽ നഴ്സുമാരും മറ്റുമാണ് ഭക്ഷണം എത്തിച്ചു കൊടുക്കുന്നത്. സൗജന്യ ചികിത്സ തന്നെ അമ്പരപ്പിച്ചെന്നും ഇത് പുതിയ അനുഭവമാണെന്നും മറ്റിടങ്ങളിൽ ഇൻഷ്വറൻസ് പരിരക്ഷയില്ലെങ്കിൽ ചികിത്സ അപ്രാപ്യമാണെന്നും നിക്കോളാസ് പറഞ്ഞു.

പുസ്തകങ്ങളിലൂടെയാണ് ഇന്ത്യയെ അറിഞ്ഞത്. യാത്രയ്ക്കു മുമ്പ് ഇന്ത്യ സന്ദർശിച്ചവരുടെ അനുഭവം വായിച്ചിരുന്നു. ഉത്തരാഖണ്ഡ്, ഋഷികേശ്, ധർമ്മശാല, ഹരിദ്വാർ, നേപ്പാൾ, പുനെ തുടങ്ങിയ സ്ഥലങ്ങൾ ഇതിനകം സന്ദർശിച്ചു. ഇതിൽ കൂടുതൽ കാലം ഋഷികേശിലായിരുന്നു. ജൂലായ് മുതൽ ഇന്ത്യയിലുണ്ട്. മൂന്ന് കാരണങ്ങളാലാണ് കേരളത്തിൽ വന്നത്. ആയുർവേദവും പ്രകൃതി മനോഹാരിതയും ഭക്ഷണവും.

ആയുർവേദത്തെ കൂടുതലറിയുന്നതിനും ആയുർവേദ ഡോക്ടർമാരെയും ഗുരുക്കന്മാരെയും പരിചയപ്പെടുന്നതിനുമാണ് യാത്ര.
ഐ.ടി സെക്യൂരിറ്റിയിൽ ബിരുദധാരിയായ നിക്കോളാസ് എട്ടുമാസം ഫ്രാൻസിൽ ജോലി ചെയ്തു. പിന്നീടാണ് വിവിധ രാജ്യങ്ങളിലേക്ക് യാത്ര തിരിച്ചത്. അച്ഛൻ ഗ്രീക്ക് സ്വദേശിയും അമ്മ ഫ്രഞ്ചുകാരിയുമാണ്. ഫ്രഞ്ചിന് പുറമേ ഗ്രീക്ക്, പോളിഷ്, സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകളറിയാം. ഈ മാസാവസാനത്തോടെ ശ്രീലങ്കയിലേക്ക് പറക്കാനാണ് ആഗ്രഹിക്കുന്നത്. ഒരു ഗിറ്റാറും ഒപ്പം കൊണ്ടുനടക്കുന്നു.

നാടുവിട്ടിട്ട് 11 വർഷം

ഫ്രഞ്ചുകാരനെന്ന് പറയാൻ കഴിയുമോയെന്ന് ഉറപ്പില്ലെന്നാണ് നിക്കോളാസ് കാട്സറോസിന്റെ നിലപാട്. ഫ്രാൻസിൽ നിന്ന് പുറപ്പെട്ടിട്ട് 11 വർഷത്തിലധികമായി. നാടുചുറ്റിയും ജോലി ചെയ്തും യൂറോപ്പിലെ വിവിധ രാജ്യങ്ങളിലൂടെ യാത്ര ചെയ്തു. യൂറോപ്പിൽ സൈക്കിളിലായിരുന്നു സവാരി. പോളണ്ട്, ജർമ്മനി, ഇംഗ്ലണ്ട്, ഹോളണ്ട്, ബെൽജിയം, സ്പെയിൻ, പോർച്ചുഗൽ, ചെക്ക്, ഓസ്ട്രിയ, സ്ലൊവേന്യ, ക്രൊയേഷ്യ, മൊണ്ടിനെഗ്രോ, അൽബേനിയ, സെർബിയ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളെ അടുത്തറിഞ്ഞു. യൂറോപ്പിന് പുറത്ത് ആദ്യ രാജ്യമെന്ന നിലയിലാണ് ഇന്ത്യയിലേക്ക് തിരിച്ചത്.